ഐഎപിസി കാനഡ വാന്‍കൂവര്‍ ചാപ്റ്റര്‍: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Monday, January 25, 2016 7:30 AM IST
വാന്‍കൂവര്‍: നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് (ഐഎപിസി) വാന്‍കൂവര്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡിജിറ്റല്‍ മാധ്യമരംഗത്തെ സജീവ പ്രവര്‍ത്തകനായ റെജിമോനാണ് പുതിയ പ്രസിഡന്റ്. വിവിധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും അച്ചടി മാധ്യമങ്ങളിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ റെജിമോന്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പാണ് വാന്‍കൂവറിലെത്തുന്നത്. വിവിധ സാമൂഹിക സംഘടനകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകനായ അശ്വനി കുമാറാണ് വൈസ് പ്രസിഡന്റ്. കൈരളി ടിവിയില്‍ അസിസ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുകൂടിയാണ്. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം പത്തുവര്‍ഷം മുമ്പാണ് വാന്‍കൂവറില്‍ എത്തുന്നത്. അശ്വനി കുമാര്‍ സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.

ദൃശ്യമാധ്യമപ്രവര്‍ത്തകയായ മഞ്ജു കോരത്താണ് സെക്രട്ടറി. ഇരുപതുവര്‍ഷത്തിലേറെയായി വാന്‍കൂവറില്‍ താമസിക്കുന്ന മഞ്ജു കേരള അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്.
ജോയിന്റ് സെക്രട്ടറിയായി തമിഴ് എഫ്എമ്മില്‍ ജോലി ചെയ്യുന്ന തനയെ തെരഞ്ഞെടുത്തു. സൌണ്ട് എന്‍ജിനീയര്‍ കൂടിയായ തന വിവിധ തമിഴ് സാമൂഹ്യ സാംസ്കാരിക സംഘടകളിലെ സജീവ പ്രവര്‍ത്തകനാണ്.

വാന്‍കൂവറിലെ മലയാളം റെഡ്എഫ്എമ്മിന്റെ ആദ്യത്തെ അവതാരകനായ സണ്ണി നെയ്യാന്‍ ആണ് ട്രഷറര്‍. കേരളത്തില്‍ ആകാശവാണിയില്‍ അവതാരകനായിരുന്ന ഇദ്ദേഹം 15 വര്‍ഷമായി വാന്‍കൂവറില്‍ പ്രവര്‍ത്തിക്കുന്നു. സാംസ്കാരിക സംഘടനകളിലെ സജീവ പ്രവര്‍ത്തകനാണ്.

എക്സിക്യൂട്ടീവ് അംഗങ്ങളായി ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ കെ. പിള്ള, പ്രമുഖ ടെലിവിഷന്‍ അവതാരകയും എഴുത്തുകാരിയുമായ സ്വപ്ന ജോയി, റേഡിയോ ബ്രോഡ്കാസ്ററും ആര്‍ട്ട് ഡയറക്ടറും ഇവന്റ് കോര്‍ഡിനേറ്ററുമായ മധു നായര്‍, മാധ്യമ അധ്യാപകനും നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളുടെ അണിയറ പ്രവര്‍ത്തകനുമായ സിജിന്‍ വിന്‍സെന്റ്, എഴുത്തുകാരനും ബ്ളോഗറുമായ രാജേഷ് ജയപ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു.

ജയ്ഹിന്ദ് വാര്‍ത്തയുടെ റീജിയണല്‍ ഡയറക്ടറും കാനേഡിയന്‍ കണക്ഷന്‍സ് പ്രോഗ്രാമിന്റെ ഡയറക്ടറുമായ ഐഎപിസി ഡയറക്ടര്‍ ഒ.കെ. ത്യാഗരാജന്‍, ജയ്ഹിന്ദ് വാര്‍ത്തയുടെ റീജിയണല്‍ ഡയറക്ടറും കനേഡിയന്‍ കണക്ഷന്‍ നിര്‍മാതാവും ഫോട്ടോഗ്രാഫി ഡയറക്ടറും ഐഎപിസി ദേശീയ കമ്മിറ്റി അംഗവുമായ തമ്പാന്നൂര്‍ മോഹന്‍, ദേശീയ കമ്മിറ്റി അംഗം ഡോ. സനിത ലോയിഡ് എന്നിവര്‍ തെരഞ്ഞെടുപ്പുകള്‍ക്കു നേതൃത്വം നല്‍കി. ഇതിന് നെതൃതുഉം നല്‍കിയ കാനഡ ചാപ്റ്റര്‍ ബോര്‍ഡ് മേമ്ബെര്സിനെ ഐഎപിസി ചെയര്‍മാന്‍ ജിന്‍സ് മോന്‍ പി സക്കറിയ അഭിനഥിച്ചു.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം