കാനഡയില്‍ സ്കൂളില്‍ വെടിവയ്പ്; അഞ്ച് മരണം
Saturday, January 23, 2016 3:33 PM IST
ഓട്ടവ: കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സസ്കാചവനിലെ ലാ ലോഷയില്‍ സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ചു മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും കാനഡ പ്രധാനമന്ത്രി ജസ്റിന്‍ ട്രൂഡോ അറിയിച്ചു. ഡെനെ കമ്യൂണിറ്റി ഹൈസ്കൂളില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് വെടിവയ്പ് ഉണ്ടായത്. അക്രമിയുടെ സഹോദരങ്ങളും രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിനിയുമാണ് കൊല്ലപ്പെട്ടത്.

കാല്‍നൂറ്റാണ്ടിനുള്ളില്‍ കാനഡയിലുണ്ടായ ഏറ്റവും ദാരുണമായ വെടിവയ്പിനാണ് ലാ ലോഷ സാക്ഷ്യംവഹിച്ചത്. വെടിവയ്പ്പ് നടത്തിയ ആളെ റോയല്‍ കനേഡിയന്‍ മൌണ്ടഡ് പോലീസ് കസ്റഡിയില്‍ എടുത്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ലാ ലോഷയിലെ ആക്ടിംഗ് മേയര്‍ കെവിന്‍ ജന്‍സ്വീറിന്റെ മകളും സ്കൂളിലെ അധ്യാപികയുമായ മരിയയും മരിച്ചവരില്‍ ഉള്‍പ്പെടും. കെവിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വീട്ടില്‍വച്ച് തന്റെ ഇളയ രണ്ട് സഹോദരങ്ങളെയും വെടിവച്ചശേഷമാണ് അക്രമി സ്കൂളിലെത്തിയതെന്ന് പോലീസ് പറഞ്ഞു. സ്കൂളിലെത്തിയ ഇയാള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

സസ്കാചവനിന് 600 കിലോമീറ്റര്‍ വടക്ക് ഒറ്റപ്പെട്ട പ്രദേശമാണ് ലാ ലോഷെ. ഏകദേശം

3,000 ജനങ്ങള്‍മാത്രമാണ് വനാതിര്‍ത്തിയിലെ ഈ ഗ്രാമത്തിലുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമീപത്തുള്ള സ്കൂളുകളും അടച്ചു.

1989 ഡിസംബര്‍ ആറിനാണ് ഇതിനുമുമ്പ് ഏറ്റവും ദാരുണമായ സ്കൂള്‍ വെടിവയ്പിന് കാനഡ സാക്ഷ്യംവഹിച്ചത്. അന്ന് ഇരുപത്തഞ്ചുകാരനായ അക്രമി മോണ്‍ട്രിയോളിലെ പോളിടെക്നിക് സ്കൂളില്‍ നടത്തിയ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയായിരുന്നു അത്.