ലീലാ മാരേട്ട് ഡിസി 37 ലോക്കല്‍ 375 ന്റെ റിക്കാര്‍ഡിംഗ് സെക്രട്ടറി
Saturday, January 23, 2016 11:05 AM IST
ന്യൂയോര്‍ക്ക്: ഡിസി 37 ലോക്കല്‍ 375 ന്റെ റിക്കാര്‍ഡിംഗ് സെക്രട്ടറി ആയി ലീലാ മാരേട്ടും ക്ളോഡ് ഫോര്‍ട്ട് പ്രസിഡന്റ് ആയും തെരഞ്ഞടുക്കപ്പെട്ടു. ക്ളോഡ് ഫോര്‍ട്ടിന്റെ പാനലില്‍ മത്സരിച്ച പതിനേഴു പേരും വീണ്ടും തെരഞ്ഞടുക്കപ്പെട്ടു.

അമേരിക്കയിലെ ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നാണ് ഡിസി 37 ല്‍ ഇതു നാലാം തവണയാണ് ലീലാ മാരേട്ട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. മുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. ഡിസി 37 ലോക്കലില്‍ 1,25,000 ഓളം പ്രതിനിധികളാണുള്ളത്.

ന്യൂയോര്‍ക്ക് സിറ്റി എന്‍വയോണ്‍മെന്റല്‍ പ്രോട്ടക്ഷനില്‍ 29 വര്‍ഷമായി സയന്റിസ്റ് ആയി ജോലി നോക്കുന്ന ലീലാ മാരേട്ട് കരുത്തുറ്റ തേരാളിയും നോര്‍ത്ത് അമേരിക്കയില്‍ സാമൂഹിക, സംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ അധ്യപികയായിരുന്ന ഈ ആലപ്പുഴക്കാരി രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് അമേരിക്കയിലെത്തിയത്. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവായ ലീലാ മാരേട്ട്, ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറാര്‍, ട്രസ്റി ബോര്‍ഡ് മെംബര്‍, കമ്മിറ്റി അംഗം, റീജണല്‍ പ്രസിഡന്റ്, കേരള സമാജം പ്രസിഡന്റ്, ഇന്ത്യന്‍ -അമേരിക്കന്‍ കാത്തോലിക് അസോസിയേഷന്റെ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫൊക്കാനയുടെ വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍