ട്രിനിറ്റി സെന്റര്‍ കൂദാശ ചെയ്തു
Saturday, January 23, 2016 8:48 AM IST
ഹൂസ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ ജനങ്ങളുടെയും പ്രത്യേകിച്ച് കായികപ്രേമികളുടെയും സ്വപ്നസാക്ഷാത്ക്കാരമായി ആധുനിക സൌകര്യങ്ങളോടുകൂടി പണി പൂര്‍ത്തീകരിച്ച ട്രിനിറ്റി സെന്ററിന്റെ (പവലിയന്‍) കൂദാശ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്കോപ്പാ നിര്‍വഹിച്ചു.

2015 ഡിസംബര്‍ 25ന് ദേവാലയത്തില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷാനന്തരം ട്രിനിറ്റി സെന്ററില്‍ നടന്ന കൂദാശാകര്‍മത്തില്‍ വികാരി റവ. കൊച്ചുകോശി ഏബ്രഹാം, അസിസ്റന്റ് വികാരി റവ. മാത്യുസ് ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ആധുനിക സൌകര്യങ്ങളോടുകൂടിയ ഒരു സ്പോര്‍ട്സ് ഫെസിലിറ്റി ഭദ്രാസനത്തില്‍ ആദ്യത്തേതാണ്. അമേരിക്കയില്‍ പണികഴിപ്പിച്ച പ്രഥമ മാര്‍ത്തോമ ദേവാലയമായ ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലു കൂടിയാണ് ട്രിനിറ്റി സെന്റര്‍. ഇടവകയ്ക്ക് മാത്രമല്ല, ഹൂസ്റണിലെ എക്യൂമെനിക്കല്‍ സമൂഹത്തിനും പൊതുസമൂഹത്തിനും ഈ സെന്റര്‍ പ്രയോജനകരമായി തീരട്ടെയെന്നും മാര്‍ തിയൊഡോഷ്യസ് ആശംസിച്ചു.

പതിനായിരം ചതുരശ്ര അടിയില്‍ പണി പൂര്‍ത്തീകരിച്ച ട്രിനിറ്റി സെന്ററില്‍ ഒരേസമയം ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നതിനുള്ള സൌകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സ്പോര്‍ട്സ് ലൈറ്റിംഗും സെന്ററിന്റെ പ്രത്യേകതയാണ്.

കായികരംഗത്തിന്റെ വികസനത്തിനും പരിശീലനത്തിനും ഉതകുന്ന രീതിയില്‍ ഹൂസ്റണില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ട്രിനിറ്റി സെന്ററിനെ വലിയ പ്രതീക്ഷയോടെയാണ് ഹൂസ്റണിലെ എക്യൂമെനിക്കല്‍ സമൂഹവും പൊതുസമൂഹവും കാണുന്നത്.

റവ.കൊച്ചുകോശി ഏബ്രഹാം(വികാരി) റവ.മാത്യൂസ് ഫിലിപ്പ് (അസി.വികാരി), ഷോണ്‍ ഉമ്മന്‍ (കണ്‍വീനര്‍), റെജി ജോണ്‍, മാത്യു കോശി (ജോ. കണ്‍വീനറന്മാര്‍) ഇടവക ചുമതലക്കാര്‍. തുടങ്ങി 30 പേരടങ്ങുന്ന കമ്മിറ്റിയാണ് ട്രിനിറ്റി സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി