നാഗ്ജി ഇന്റര്‍നാഷണല്‍ ക്ളബ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ജനുവരി 24ന് പന്തുരുളും
Friday, January 22, 2016 9:09 AM IST
ജിദ്ദ: കോഴിക്കോട് മോണ്ടിയാല്‍ സ്പോര്‍ട്സും കെഡിഎഫെയും സംയുക്തമായി നടത്തുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ളബ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 24ന് (ഞായര്‍) തുടക്കം കുറിക്കും.

പ്രമുഖ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോയാണ് ടൂര്‍ണമെന്റ് അംബാസഡര്‍. 120 റിയാല്‍ ആണ് ഗാലറി സീസണ്‍ ടിക്കറ്റിന്. നാഗ്ജി ടൂര്‍ണമെന്റിന്റെ എല്ലാ സീസണ്‍ ടിക്കറ്റുകളും വെള്ളിയാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന സിഫ് ടൂര്‍ണമെന്റ് ഗ്രൌണ്ടില്‍ ലഭിക്കും.

നാട്ടില്‍നിന്നും ടിക്കറ്റെടുക്കുന്നവര്‍ക്ക് കിഴക്കേ ഗാലറി 150, പടിഞ്ഞാറ് ഗാലറി 200, വിഐപി ചെയര്‍ 500 രൂപ. എന്നിങ്ങനെയാണ് നിരക്കുകള്‍.

24നു രാവിലെ കോഴിക്കോടെത്തുന്ന റൊണാള്‍ഡീഞ്ഞോയ്ക്ക് സ്വീകരണം നല്കും. തുടര്‍ന്നു വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ നാഗ്ജി ഇന്റര്‍ നാഷണല്‍ ക്ളബ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരളത്തിലെ പഴയ കാല ഫുട്ബോള്‍ കളിക്കാരെ ആദരിക്കും.

ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍ എന്നതോതില്‍ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് മൊത്തം എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

വാര്‍ത്താസമ്മേളനത്തില്‍ സിഫ് പ്രസിഡന്റ് ഹിഫ്സുറഹ് മാന്‍, ജനറല്‍ സെക്രട്ടറി നാസര്‍ ശാന്തപുരം, ട്രഷറര്‍ വി.കെ. റൌഫ്, വൈസ് പ്രസിഡന്റ് നജിബ്, വി.പി. മുഹമ്മദലി, ശിയാസ്, മജിദ് നഹ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍