മലയാളം സൊസൈറ്റി അവലോകന യോഗം ചേര്‍ന്നു
Friday, January 22, 2016 7:06 AM IST
ഹൂസ്റന്‍: ഗ്രെയ്റ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഈ വര്‍ഷത്തെ (2016) പ്രഥമ സമ്മേളനം ജനുവരി 17-നു വൈകുന്നേരം നാലിനു സ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. പോയവര്‍ഷത്തെക്കുറിച്ച് അവലോകനവും പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളും; ജയിംസ് ചാക്കൊ മുട്ടുങ്കലിന്റെ 'ഒരു നാടന്‍ പാട്ടും ചില സമകാലീന സത്യങ്ങളും' എന്ന ലേഖനവും ചര്‍ച്ചചെയ്തു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അദ്ദേഹം പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ സ്റാഫറ്ഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അമേരിക്കയില്‍ മലയാള ഭാഷ പ്രചരിപ്പിക്കുന്നതില്‍ മലയാളം സൊസൈറ്റിയുടെ പങ്ക് പ്രശംസിച്ചു. മാത്രമല്ല എഴുത്തുകാര്‍ ധാരാളം ചിന്തിക്കുന്നവരാണെന്നും അതൊക്കെയും പ്രസിദ്ധീകരിച്ച് മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നിലവിളക്കു കൊളുത്തി അദ്ദേഹം ഈ വര്‍ഷത്തെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലവിളക്കിന്റെ പ്രഭയില്‍ സെക്രട്ടറി ജി. പുത്തന്‍കുരിശ് നേതൃത്വം നല്‍കിയ 'അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി' എന്ന പ്രാര്‍ഥനാഗാനം കൂടിയായപ്പോള്‍ സദസില്‍ ഈശ്വര സാന്നിധ്യത്തിന്റെ പ്രതീതി ഉണര്‍ത്തി.

സമ്മേളനത്തില്‍ പ്രസിദ്ധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ഇ-മലയാളിയുടെ കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക അംഗീകാരം നേടിയ ജി. പുത്തന്‍കുരിശിനെ സദസ് അഭിനന്ദിച്ചു. ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനമാണ് അദ്ദേഹത്തെ പ്രത്യേക അംഗീകാരത്തിന് അര്‍ഹനാക്കിയത്. അതോടൊപ്പം അദ്ദേഹം ജിബ്രാന്റെ ഒരു വിവര്‍ത്തനകവിത ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത പൊന്നു പിള്ളയെ സദസിനു പരിചയപ്പെടുത്തി.

അതിനുശേഷം സമ്മേളനം മുറപ്രകാരമുള്ള ചര്‍ച്ചയിലേക്കു കടന്നു. ടോം വിരിപ്പന്‍ 2015-നെക്കുറിച്ചും പുതുവര്‍ഷത്തെ പ്രതീക്ഷകളെക്കുറിച്ചും ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. ജോസഫ് തച്ചാറ ഏകാക്ഷരപ്രാസത്തില്‍ എഴുതിയ 'ജലഛായ' എന്ന കവിത ചൊല്ലി. തുടര്‍ന്ന് ജയിംസ് ചാക്കോ കൂട്ടുങ്കല്‍ 'ഒരു നാടന്‍ പാട്ടും ചില സമകാലീന സത്യങ്ങളും' എന്ന ലേഖനം അവതരിപ്പിച്ചു.

ചര്‍ച്ചയില്‍ പൊന്നുപിള്ള, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജെയിംസ് ചാക്കോ, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗീസ്, ജി. പുത്തന്‍കുരിശ്, സുരേഷ് ചിയേടത്ത്, ജോസഫ് തച്ചാറ, ടി.എന്‍. ഫിലിപ്പ്, ഏബ്രഹാം പത്രോസ്, ബാബു തെക്കേക്കര, തോമസ് വൈക്കത്തുശേരി, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോസഫ് മണ്ഡവത്തില്‍, ഷിജു ജോര്‍ജ് തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്