വെസ്റ് ചെസ്റര്‍ അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം ഭക്തിനിര്‍ഭരമായി
Thursday, January 21, 2016 9:31 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ് ചെസ്റര്‍ അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തി മനോജ് നമ്പൂതിരിയുടെയും വാസ്റിന്റെ ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടന്ന മകരവിളക്ക് ഉത്സവവും ദീപാരാധനയും ഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി. തിരുവാഭരണവിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍. നിറപറയും നിലവിളക്കും താലപ്പൊലിയുമായി വാസ്റിന്റെ മഹിളാ വിഭാഗവും സ്വീകരണചടങ്ങുകള്‍ക്കു മാറ്റുകൂട്ടി. ഇരുമുടിയേന്തിയ അയ്യപ്പന്മാര്‍ താലപ്പൊലിയുടെ അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രം വലംവച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ശരണ മന്ത്രത്താല്‍ മുഖരിതമായിരുന്നു ക്ഷേത്രം. ഇതോടൊപ്പം തന്നെ അയ്യപ്പന്‍ വിളക്കും വാസ്റ് വിളക്കും ഒരു വേറിട്ട കാഴ്ചയായിരുന്നു. മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിനു അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

സെക്രട്ടറി ഡോ. പത്മജാ പ്രേം, ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍, ഗണേഷ് നായര്‍, ജോഷി നാരായണന്‍, രാധാകൃഷ്ണന്‍. പി.കെ. രാജന്‍ നായര്‍, ഡോ.പ്രഭ കൃഷ്ണന്‍, വിനോദ് കെയാര്‍കെ, മാധവന്‍ നായര്‍, ഗോപികുട്ടന്‍ നായര്‍, സന്തോഷ് നായര്‍, ഡോ.പ്രേം, നാരായണന്‍ നായര്‍, ബാലചന്ദ്ര പണിക്കര്‍, സഹൃദയ പണിക്കര്‍, ഡോ. രാമചന്ദ്രന്‍ നായര്‍, സന്‍ജീവ് നായര്‍, കിരണ്‍ നായര്‍ ,അപ്പുകുട്ടന്‍ പിള്ള, സുരേഷ് പണിക്കര്‍, ഹരിലാല്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, ഡോ. എ.കെ.ബി. പിള്ള, ഡോ. വല്‍സ, സുശില്‍ കൃഷ്ണന്‍, ജനാര്‍ദ്ദനന്‍ തോപ്പില്‍, സുരേഷ് കുറുപ്പ്, ദീപന്‍ കണ്ണന്‍, കൃഷ്ണന്‍, രാമദാസ് കൊച്ചുപറമ്പില്‍, ഡോ. സുവര്‍ണ, രുക്മിണി നായര്‍, തങ്കമണി പിള്ള, ഓമന വാസുദേവ്, ഷൈല നായര്‍, പ്രിയ ശ്രീകാന്ത്, ബീനാ പ്രസന്നന്‍, പങ്കജം മേനോന്‍, ശാരദ നായര്‍ തുടങ്ങിയവര്‍ ഗുരുസ്വാമിക്കൊപ്പം ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

സ്മൃതിപ്രേമിന്റെ ഭക്തി ഗാനാലാപനം, ദീപാരാധന, മേല്‍ശാന്തി ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ താന്ത്രിക ശൈലിയിലുള്ള പൂജാ ക്രമങ്ങള്‍ തുടങ്ങിയവയും നടന്നു. ഗുരു സ്വാമി പാര്‍ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേല്‍ശാന്തി മനോജ് നമ്പൂതിരി ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു.

മണ്ഡലകാലത്തിനു ശേഷവും ക്ഷേത്രത്തില്‍ എല്ലാദിവസവും കേരളീയത്തനിമയോടു കൂടിയുള്ള പൂജാകര്‍മാദികള്‍ പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍