ഗീതാമണ്ഡലം മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തിയായി
Thursday, January 21, 2016 7:14 AM IST
ഷിക്കാഗോ: ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡല സമാപനമായി.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡല-മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ ഐശ്വര്യസിദ്ധിക്കുമായി വന്‍ ഭക്തജനതെരക്കാണ് അനുഭവപ്പെട്ടത്. ശിവരാമകൃഷ്ണ സ്വാമിയുടെ നേതൃത്വത്തില്‍ മഹാഗണപതിയുടെ പ്രീതിക്കായി ഗണേശ അഥര്‍വശീര്‍ഷവും വിഷ്ണു പ്രീതിക്കായി പുരുഷസുക്തവും ശിവ പ്രീതിക്കായി ശ്രീരുദ്രവും നടത്തി. തുടര്ന്നു പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ കലശപൂജയും അഷ്ടദ്രവ്യ അഭിഷേകവും നടത്തി.

അതിനുശേഷം രഘു നായരുടെ നേതൃത്വത്തില്‍ നടന്ന ഭക്തി സാന്ദ്രമായ ഭജന, ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിച്ചു. തുടര്‍ന്നു സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ പടി പൂജയും അഷ്ടോത്തരശത അര്‍ച്ചനയും സാമവേദ പ്രിയനായ അയ്യപ്പ സ്വാമിക്ക് അമേരിക്കയില്‍ ആദ്യമായി സാമവേദ അര്‍ച്ചനയും നടത്തി, തുടന്ന് മന്ത്രപുഷ്പ ധ്യാനവും പുഷ്പാഭിഷേകവും അതിനുശേഷം നമസ്കാര മന്ത്രവും മംഗള ആരതിയും നടത്തി. തുടര്‍ന്നു ഹരിവരാസനം പാടി ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം