സിറ്റ് ഡോക്യുമെന്ററി തയാറാക്കുന്നു
Wednesday, January 20, 2016 10:18 AM IST
ഷാര്‍ജ: കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ പ്രഫഷണല്‍ വിംഗായ സോഷ്യല്‍ ഐഡിയല്‍ തോട്ട്സിന്റെ (സിറ്റ്) ബാനറില്‍ പൈതൃക ഡോക്യുമെന്ററി തയാറാക്കുന്നു.

മണ്ഡലത്തിലെ കോലത്ത് നാടിന്റെ ഗതകാല ചരിത്രങ്ങള്‍, പുരാതന ക്ഷേത്രമായ കളരിവാതുക്കല്‍ ക്ഷേത്രം, വളപട്ടണത്തെ അട്ടക്കുളങ്ങര പള്ളി തുടങ്ങിയ സാമുദായിക സൌഹാര്‍ദത്തിന്റെ ഭാഗമായി നിന്ന ചരിത്ര സ്മാരകങ്ങളും അഴീക്കല്‍ തുറമുഖം, സൈനിക കേന്ദ്രമായ അഴീക്കല്‍ കോസ്റ് ഗാര്‍ഡ്, ഏഷ്യയിലെ ഏറ്റവും വലിയ പ്ളൈവുഡ് വ്യവസായ സ്ഥാപനമായ വെസ്റേണ്‍ ഇന്ത്യ പ്ളൈവുഡ്, കൈത്തറി വ്യവസായം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കണ്ടല്‍ കാടുകള്‍, ഗ്രാമ ഭംഗി, സാമൂഹിക സാമ്പത്തിക വ്യവസായ വികസന സംരംഭങ്ങള്‍, വിദ്യാഭ്യാസ നവോഥാന മുന്നേറ്റങ്ങള്‍, റെയില്‍,റോഡ്,വ്യോമയാന ഗതാഗത രംഗത്തെ നൂതന സംവിധാനങ്ങള്‍ തുടങ്ങി മണ്ണും മനുഷ്യനും ഇഴചേര്‍ന്നു നില്‍ക്കുന്ന പ്രകൃതിപരവും സാമൂഹികവുമായ മുഴുവന്‍ പശ്ചാത്തലങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും ഡോക്യുമെന്ററി എന്നു സംഘാടകര്‍ അറിയിച്ചു.

കെ.എം. ഷാജി എംഎല്‍എ, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ഷാര്‍ജ കെഎംസിസി പ്രസിഡന്റ്് പി.കെ. അബ്ദുല്‍ ഹമീദ്, പി.കെ. ഹാഷിം നൂഞ്ഞേരി, മാധ്യപ്രവര്‍ത്തകരും എഴുത്തുകാരുമായ പി.പി. ശശീന്ദ്രന്‍, സൈനുദ്ദീന്‍ ചേലേരി, വാണിജ്യ രംഗത്തെ കുഞ്ഞിരാമന്‍ നായര്‍ പാറയില്‍, ഷാഫി അബ്ദുള്ള മുട്ടം തുടങ്ങി ഗള്‍ഫ് മേഘലയിലെ പ്രമുഖ സ്ഥാപനമായ കെ.വി.ആര്‍ ഗ്രൂപ്പ്, ടിസിഎന്‍ എന്നിവരുടെ സഹകരണത്തോടെ ഷാര്‍ജ അഴീക്കോട് മണ്ഡലം കമ്മിറ്റിയാണ് ഡോക്യുമെന്ററി തയാറാക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് സിഇഒ അദീബ് അഹമദിനു സ്ക്രിപ്റ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി കേന്ദ്ര ട്രഷറര്‍ അബ്ദുള്ള ഫാറൂഖി, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ഷാര്‍ജ കെഎംസിസി അഴീക്കോട് മണ്ഡലം പ്രസിഡന്റ് പി. റാഷിദ്, ജനറല്‍ സെക്രട്ടറി എന്‍.പി. ജാസിര്‍, അലി മാസ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എന്‍.പി. ജാസിര്‍