ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരള വിഭാഗം യുവജനോത്സവം
Wednesday, January 20, 2016 7:33 AM IST
മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ, സാഹിത്യ മത്സരങ്ങള്‍ ഏപ്രില്‍ ആദ്യ വാരം നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ചാണു നടപടി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും ലളിതഗാനം, ശാസ്ത്രീയസംഗീതം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘ ഗാനം, കഥാപ്രസംഗം എന്നിവയ്ക്കു പുറമേ, അന്തരിച്ച ഗാന രചയിതാവ് യൂസഫലി കേച്ചേരിക്ക് ആദരമര്‍പ്പിച്ചു കൊണ്ട് സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ളീഷിലും ഉണ്ടായിരിക്കും. ഉപകരണ സംഗീത മത്സരത്തില്‍ കീ ബോര്‍ഡ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകാഭിനയം, ചിത്ര രചന എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും.

കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന വിധികര്‍ത്താക്കളുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ വിലയിരുത്തുന്നത്.

ഒമാനിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ ആയിരത്തിലേറെപേര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം