'കൊച്ചി, തിരുവനന്തപുരം ഡയറക്ട് ഫ്ളൈറ്റ് അനിവാര്യം'
Wednesday, January 20, 2016 7:30 AM IST
ഡിട്രോയിറ്റ്: അഞ്ചു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മലയാളികള്‍ക്കു നിലവില്‍ ഒന്നിലധികം ഫ്ളൈറ്റുകള്‍ കയറിയിറങ്ങി വേണം നാട്ടിലെത്താന്‍. ഇന്ത്യയിലെ മറ്റു വന്‍ നഗരങ്ങളായ ഡല്‍ഹി, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ ഫ്ളൈറ്റുകള്‍ ഉണ്െടന്നിരിക്കെ, രാജ്യത്ത് വിദേശനാണ്യം കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഡയറക്ട് ഫ്ളൈറ്റ് വരുന്നത് വലിയ ആശ്വാസമാകുമെന്നു ഫോമ ന്യൂസ് ടീം ചെയര്‍മാനും 2016-18ലെ ജോ. സെക്രട്ടറി സ്ഥാനാര്‍ഥിയുമായ വിനോദ് കൊണ്ടൂര്‍ ഡേവിഡ് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ വിവിധ വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്താന്‍ 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ എടുക്കുന്നുണ്ട്. പല വിമാനത്താവളങ്ങളിലുമുള്ള സ്റോപ്പോവറുകളാണ് ഇത്രയും സമയ നഷ്ടത്തിനു കാരണമെന്നു വിനോദ് ചൂണ്ടിക്കാട്ടി. ഡല്‍ഹി, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍ ഇറങ്ങിയാലും ഫ്ളൈറ്റുകളില്‍നിന്നു ബാഗേജ് എടുത്ത് ഡൊമസ്റിക്ക് ഫ്ളൈറ്റുകളില്‍ കയറ്റുന്നത് ഏറെ ദുഷ്കരമാണ്. പ്രത്യേകിച്ച് കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോഴും മുതിര്‍ന്ന പൌരന്മാര്‍ തനിയെ യാത്ര ചെയ്യുമ്പോഴും ബാഗേജ് കയറ്റി ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടുളവാക്കുന്നു.

കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍നിന്നു കാബിനറ്റ് മന്ത്രിമാരുണ്ടായിരുന്നിട്ടും അമേരിക്കയിലെ മലയാളി പ്രവാസികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനായില്ലെന്ന് വിനോദ് പറയുന്നു.

ഇവിടെയാണു ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പ്രസക്തി. നാട്ടിലും അമേരിക്കയിലും ഫോമ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, അമേരിക്കന്‍ മലയാളി പ്രവാസികള്‍ക്കായി ഡയറക്ട് ഫ്ളൈറ്റും കൂടി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അത് ഫോമയുടെ നേട്ടങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നാണു വിനോദിന്റെ അഭിപ്രായം.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മലയാളി യുവാക്കള്‍ മുന്നോട്ടു വരണമെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണു മത്സരരംഗത്തേക്കു വിനോദ് വരുന്നത്. 2015ല്‍ ഡിട്രോയിറ്റില്‍ നടന്ന ഫോമ യംഗ് പ്രഫഷണല്‍ സമ്മിറ്റിന്റെ (വൈപിഎസ് @ ഡിട്രോയിറ്റ്) ചെയര്‍മാനായും വിനോദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള ഇലക്ഷന്‍ സ്വാഗതാര്‍ഹമാണെങ്കിലും മത്സരം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നു വിനോദ് കൊണ്ടൂര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ