മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ
Wednesday, January 20, 2016 7:29 AM IST
ഡാളസ്: പ്രസിദ്ധ മാരാമണ്‍ കണ്‍വന്‍ഷന്റെ 121-ാമത് മഹായോഗം ഫെബ്രുവരി 14നു (ഞായര്‍) മുതല്‍ 21 (ഞായര്‍) വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും.

14ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30നു മാര്‍ത്തോമ സഭ മേലധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഗീവര്‍ഗീസ് മാര്‍ അത്തനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ്, ഡോ. യൂയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ഐസക് മാര്‍ ഫിലിക്സിനോസ്, ഡോ. ഏബ്രഹാം മാര്‍ പൌലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, ദൈവശാസ്ത്ര പണ്ഡിതരും പ്രസിദ്ധ സുവിശേഷ പ്രസംഗകരുമായ ബിഷപ് ഡാനിയേല്‍ ത്യാഗരാജ (ശീലങ്ക), റവ. മാല്‍ക്കം ടി.എച്ച്. ടാന്‍ (സിംഗപ്പൂര്‍), റവ. ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ. ലിയോണാര്‍ഡ് സ്വീറ്റ് (യുഎസ്എ) എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികര്‍.

തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമേ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ബൈബിള്‍ ക്ളാസും കുട്ടികള്‍ക്കുള്ള പ്രത്യേക യോഗവും നടക്കും.

17നു(ബുധന്‍) രാവിലെ 10നു നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളിലെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു സാമൂഹ്യ തിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണ സമ്മേളനം നടക്കും. വൈകുന്നേരം നാലിന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക കൂട്ടായ്മ നടക്കും. വ്യാഴം മുതല്‍ ശനി വരെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള യുവജനവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

1888ല്‍ ആരംഭിച്ച മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിനഷനറി പ്രസ്ഥാനമാണ്. സുവിശേഷ പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് വര്‍ഗീസ് പുന്നയ്ക്കാട് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. റവ. ബിനു വര്‍ഗീസ്, അഡ്വ. റോയി ഫിലിപ്പ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തല്‍ നിര്‍മാണം നടന്നുവരുന്നു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ഓഫീസുകളും സ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ഷാജി രാമപുരം