ഷിക്കാഗോയിലെ മാര്‍ച്ച് ഫോര്‍ ലൈഫ് അവിസ്മരണീയമായി
Wednesday, January 20, 2016 7:17 AM IST
ഷിക്കാഗോ: ജനുവരി 17-നു ഷിക്കാഗോയിലെ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍നിന്നും കൌമാരപ്രായക്കാര്‍, യുവതിയുവാക്കള്‍, പേരന്റ് വോളന്റിയേഴ്സ് എന്നിവരടങ്ങുന്ന 24 പേരുടെ ഒരു സംഘം, മതബോധന ഡയറക്ടര്‍ (ഡിആര്‍ഇ) റ്റോമി കുന്നശേരിയുടെയും, അസി. ഡിആര്‍ഇ റ്റീന നെടുവാമ്പുഴയുടേയും നേതൃത്വത്തില്‍, ഷിക്കാഗോയിലെ ഡൌണ്‍ ടൌണിലുള്ള ഫെഡറല്‍ പ്ളാസയില്‍നിന്നും ആരംഭിച്ച് ഏകദേശം 1.2 മൈല്‍ മാര്‍ച്ച് ചെയ്ത്, അവിടെതന്നെ തിരിച്ചെത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് ഷിക്കാഗോയെന്ന പ്രൊലൈഫ് മാര്‍ച്ചില്‍ പങ്കെടുത്തത് എല്ലാവര്‍ക്കും വളരെ പ്രചോദനാത്മകമായിരുന്നു. വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ ആശീര്‍വാദത്തിനുശേഷം, ഉച്ചയ്ക്കു പന്ത്രണ്േടാടെ മാര്‍ച്ച് പള്ളിയില്‍നിന്നു ഷിക്കാഗോയിലേക്കു പോയത്.

ഏകദേശം രണ്ടു മണിക്കൂറു സമയത്തോളം ഷിക്കാഗോയിലെ തെരുവീഥികളില്‍ മാര്‍ച്ചുചെയ്ത് അബോര്‍ഷനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ സന്മനസുകാണിച്ച ഇവരുടെ ആത്മവിശ്വാസത്തെയും, മറ്റു മനുഷ്യരോടുള്ള കരുണയെയും, എത്ര പ്രശംസിച്ചാലും മതിവരുകയില്ല. മെലിസ്സ ഓഡെണ്‍ (അബോര്‍ഷന്‍ സര്‍വൈവര്‍), ഷിക്കാഗോ അതിരൂപത റോമന്‍ കാത്തലിക് ആര്‍ച്ച് ബിഷപ് ബ്ളേസ് കുപിച്ച്, ന്യൂ ലൈഫ് കവനെന്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ പാസ്റര്‍ വില്‍ഫ്രെഡൊ ഡി ജീസസ്, തുടങ്ങിയ ഉന്നതവ്യക്തികളുടെ പ്രചോദനകരങ്ങളായ പ്രഭാഷണങ്ങളുടെ അന്തസത്തയെ ഉള്‍ക്കൊണ്ടുകൊണ്ട് ഈ കരുണയുടെ വര്‍ഷത്തില്‍ മറ്റുള്ളവരോടു കരുണ കാണിക്കാന്‍ സന്നദ്ധരാണ് എന്നു പ്രതിജ്ഞചെയ്തുകൊണ്ട് ഈ യുവതീയുവാക്കള്‍ മാര്‍ച്ച് ഫോര്‍ ലൈഫ് മാര്‍ച്ച് വളരെ ക്യതാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കി. ഇല്ലിനോയ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും, വിസ്കോണ്‍സിന്‍, ഐയോവ, മിസോറി, ഇന്‍ഡ്യാന, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ആയിരക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത ഈ മാര്‍ച്ച് യുവജനങ്ങള്‍ക്കു വളരെ പ്രചോദനമേകുന്നതായിരുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി