അബുദാബി മാര്‍ത്തോമ യുവജനസഖ്യം തൊഴിലാളി സൌഹൃദസംഗമം ജനുവരി 22ന്
Tuesday, January 19, 2016 8:23 AM IST
അബുദാബി: കുടുംബങ്ങളില്‍നിന്ന് അകന്ന് ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായി അബുദാബി മാര്‍ത്തോമ യുവജന സഖ്യം ഒരുക്കുന്ന എട്ടാമത് സുഹൃത് സംഗമം ജനുവരി 22നു (വെള്ളി) നടക്കും.

വൈകുന്നേരം അഞ്ചു മുതല്‍ മുസഫ മാര്‍ത്തോമ ദേവാലയാങ്കണത്തില്‍ നടക്കുന്ന സംഗമത്തില്‍ ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, നേപ്പാള്‍, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആയിരത്തി അഞ്ഞൂറോളം തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുക്കും.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാരൂപങ്ങളുടെ അവതരണം, വിനോദമത്സരങ്ങള്‍, സ്നേഹസദ്യ എന്നിവയും സംഗമത്തിന്റെ ഭാഗമായിരിക്കും. നിര്‍ധന തൊഴിലാളികള്‍ക്കു വിമാനടിക്കറ്റ് സൌജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായുള്ള ടിക്കറ്റുകളുടെ വിതരണവും ചടങ്ങില്‍ നടക്കും.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹ വികാരി റവ.ഐസക് മാത്യു, സഖ്യം സെക്രട്ടറി സുജിത് വര്‍ഗീസ്, കണ്‍വീനര്‍മാരായ ജിലു ജോസഫ്, ദിപിന്‍ പണിക്കര്‍ എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റി പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള