എന്‍ബിഎ സെന്ററില്‍ നടന്നുവന്ന മണ്ഡലകാല ഭജന പര്യവസാനിച്ചു
Tuesday, January 19, 2016 8:20 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വൃശ്ചികം ഒന്നു മുതല്‍ നടന്നുവന്ന മണ്ഡലകാല ഭജന മകര സംക്രാന്തിയോടെ പര്യവസാനിച്ചു.

മണ്ഡലകാലത്ത് എല്ലാ ശനിയാഴ്ചയും വൈകുന്നേരം ആറു മുതല്‍ ഭജനകമ്മിറ്റി കണ്‍വീനര്‍ പ്രഭാകരന്‍ നായരുടെ നേതൃത്വത്തില്‍ ഭജന സംഘടിപ്പിച്ചു. അസോസിയേഷന്റെ മലയാളം സ്കൂളിലെ കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയത്തക്കതാണെന്ന് പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പറഞ്ഞു. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, ട്രഷറര്‍ സേതുമാധവന്‍, വൈസ് പ്രസിഡന്റ് ഡോ. സ്മിതാ പിള്ള, സ്കൂള്‍ പ്രിന്‍സിപ്പല്‍ സരസമ്മ കുറുപ്പ് എന്നിവര്‍ ഭജനയ്ക്ക് നേതൃത്വം നല്‍കി.

16നു നടന്ന ഭജനയോടുകൂടി ആണ് മണ്ഡലകാല ഭജന പര്യവസാനിച്ചത്. ഫ്ളഷിംഗ് ക്ഷേത്രത്തില്‍നിന്നെത്തിയ പൂജാരിയുടെ ഭക്തിനിര്‍ഭരമായ സര്‍വൈശ്വര്യ പൂജയോടുകൂടി മകരസംക്രാന്തി ഭജനയും സമാപിച്ചു. ഭജനയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം അന്നദാനം നല്‍കാന്‍ സഹായിച്ച കുടുംബങ്ങളോടു ഫുഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുശീലാമ്മ പിള്ള പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ