മോഹന്‍ നായര്‍ക്കു സ്വീകരണം നല്‍കി
Tuesday, January 19, 2016 8:19 AM IST
ന്യൂയോര്‍ക്ക്: സ്വകാര്യ സന്ദര്‍ശനാര്‍ഥം ന്യൂയോര്‍ക്കിലെത്തിയ മോഹന്‍ നായര്‍ക്ക് ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ സ്വീകരണം നല്‍കി.

പത്രപ്രവര്‍ത്തകനായും മാനേജ്മെന്റ് തലത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചിലരിലൊരാളാണു മോഹന്‍ നായര്‍. മുംബൈയില്‍ ഇന്ത്യന്‍ എക്സ്പ്രസിലും ഇക്കണോമിക് ടൈംസിലും പത്രാധിപ സമിതി അംഗമായിരുന്ന മോഹന്‍ നായര്‍ 1999ല്‍ ഏഷ്യാനെറ്റില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ശ്രീലങ്കയില്‍ മഹാരാജാ ടിവിയുടെ മേധാവിയായി. ടെലിവിഷന്‍ രംഗത്തേക്കു മാതൃഭൂമി വന്നപ്പോള്‍ അദ്ദേഹത്തെ അതിന്റെ മേധാവിയായി നിയമിക്കുകയായിരുന്നു.


പ്രസ് ക്ളബ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍ സ്വാഗതം പറഞ്ഞു. ടാജ് മാത്യു, ജോസ് കാടാപ്പുറം, ഷോളി കുമ്പിളുവേലി, ജോസ് ഏബ്രഹാം, ജോര്‍ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സണ്ണി പൌലോസ് നന്ദി പറഞ്ഞു.