'പ്രവാസികളുടെ ചലനങ്ങള്‍ പോലും പ്രതിഫലാര്‍ഹമെന്ന്'
Tuesday, January 19, 2016 8:16 AM IST
മനാമ: കെഎംസിസി ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയ്ക്ക് പ്രൌഡോജ്വല പരിസമാപ്തി. പ്രഭാഷണ പരമ്പരയുടെ അവസാന ദിവസം പ്രവാസികളോടുള്ള സന്ദേശം എന്ന വിഷയത്തിലാണു പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് സംസാരിച്ചത്.

പ്രവാസികള്‍ എല്ലാം നഷ്ടപ്പെട്ടവരാണെന്ന ധാരണ ശരിയല്ലെന്നും നല്ലതു മാത്രം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ വിദേശത്ത് ജോലി നോക്കുന്ന പ്രവാസികളുടെ ചലനങ്ങള്‍ പോലും പ്രതിഫലാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ കാര്യത്തില്‍ പൊതുവേ പറഞ്ഞുവരാറുള്ളത് എല്ലാം നഷ്ടപ്പെട്ടവരാണ് എന്നാണ് . എന്നാല്‍, ഇത് ശരിയല്ല, സത്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ നന്മകള്‍ക്ക് അവസരമുള്ളവരാണു പ്രവാസികളെന്നും അവരുടെ ഉറക്കം പോലും പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ കുടുംബത്തിനുവേണ്ടി ഹലാല്‍ (അനുവദനീയമായത്) സമ്പാദിക്കാന്‍ വേണ്ടിയുള്ള ജോലിക്കും അതിനാവശ്യമായ വിശ്രമത്തിനും പ്രതിഫലമുണ്െടന്നു തിരുനബി(സ)അരുളിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രവാസികളുടെ ഉറക്കത്തിനുപോലും പ്രതിഫലമുണ്ട്. പ്രവാസ ലോകത്താണെങ്കിലും അല്ലെങ്കിലും ഏതു പ്രതികൂല സാഹചര്യത്തിലും തന്റെ വിശ്വാസം മുറുകെപ്പിടിച്ചു ജീവിക്കാന്‍ വിശ്വാസികള്‍ തയാറാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തിലെ ചടങ്ങ് പൂര്‍ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയുള്ള അവതരണമായിരുന്നതിനാല്‍ പാതിരാ വരെ നീണ്ട പ്രഭാഷണവും തുടര്‍ന്നുള്ള കൂട്ടു പ്രാര്‍ഥനയ്ക്കുംശേഷമാണു വിശ്വാസികള്‍ പിരിഞ്ഞത്.

ഏരിയാ പ്രസിഡന്റ് കാവനൂര്‍ മുഹമ്മദ് മൌലവി ഉദ്ഘാടനം ചെയ്തു. സി.കെ.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്കെഐസിആര്‍ സൌദി അറേബ്യ ചെയര്‍മാന്‍ സകരിയ ഫൈസി, അബൂജറഫാസ് മൌലവി, മുഹമ്മദലി ചങ്ങരംകുളം എന്നിവരും കെഎംസിസി ബഹറിന്‍ കേന്ദ്രഏരിയാ നേതാക്കളും സംബന്ധിച്ചു. ഷമീര്‍ വയനാട് സ്വാഗതവും ഷഹീര്‍ എടച്ചേരി നന്ദിയും പറഞ്ഞു.