സാക്രമെന്റോ പ്രഥമ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഉജ്വല വിജയം
Tuesday, January 19, 2016 7:05 AM IST
സാക്രമെന്റോ: കാലിഫോര്‍ണിയായുടെ തലസ്ഥാനമായ സാക്രമെന്റോ എപ്പിസ്കോപ്പല്‍ ദേവാലയങ്ങളുടെ പ്രഥമ എക്യുമെനിക്കല്‍ ആഘോഷം ഔവര്‍ ലേഡി ഓഫ് പെര്‍പെക്ചെല്‍ ഹെല്‍പ് കലദായ ദേവാലയത്തില്‍ വച്ച് ആഘോഷിച്ചു. സാക്രമെന്റോ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാന്‍ ഡോ. മൈരോണ്‍ കോട്ട നിലവിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്തു. എപ്പിസ്കോപല്‍ ദേവലയങ്ങുളുടെ കൂട്ടയ്മയുടെ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ആവശ്യകത, ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സ്നേഹ സാഹോദര്യവും ഐക്യവും ശക്തിപ്പെടുത്തേണ്ടത് ഏറ്റവും ആവശ്യമെന്നു ബിഷപ് ഓര്‍മിപ്പിച്ചു.

ഇന്‍ഫന്റ് ജീസസ് സീറോ മലബാര്‍ദേവാലയ വികാരി ഫാ സിബി കുര്യന്‍ വെലംപറമ്പില്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിവികാരി ഫാ. ഡോ.മത്തായി ആലക്കോട്ട്, സാന്‍ ഫ്രാന്‍സിസ്കോ & സാക്രമെന്റൊ മാര്‍ത്തോമപള്ളി വികാരി റവ. ബിജു പി.സൈമണ്‍ എന്നീ വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്. ഇതിലൂടെ വിവിധ ക്രിസ്തീയ സഭകള്‍ നല്ല ഇടയനായ ക്രിസ്തുവില്‍ ഒന്നാണെന്ന സന്ദേശം വിശ്വാസികളില്‍ പകര്‍ന്ന് നല്‍കാന്‍ അവസരം ഒരുക്കി.

സാക്രമെന്റോ എയര്‍ഫോഴ്സ് ബേസ് ചര്‍ച്ച് വികാരി ഫാ. മൈക്കിള്‍ കീര്‍നന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സഭകള്‍ ഒന്നിച്ചു ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു ശക്തമായ വിശ്വാസ വളര്‍ച്ചയ്ക്ക് വഴി ഒരുക്കണമെന്നു ഫാ. മൈക്കിള്‍ ഊന്നി പറഞ്ഞു .കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത നയന മനോഹരമായ കലാപരിപാടികള്‍ ഫെലോഷിപ്പിനു തിളക്കം കൂട്ടി. വിവിധ ഇടവകകളുടെ സഹകരണത്തോടെ നടന്ന ആഘോഷപരിപാടികള്‍ അംഗങ്ങളില്‍ ഒരു വേറിട്ട സ്നേഹാനുഭവം തന്നെ പകര്‍ന്ന് നല്‍കി. ട്രഷറര്‍ വര്‍ഗീസ് ജോര്‍ജ് സ്വാഗതവും സെക്രട്ടറി പ്രിന്‍സ് നന്ദിയും രേഖപ്പെടുത്തി. സിജില്‍ പാലയ്ക്കലോടി, ബിന്ദു ടിജി, റോയ് സേവ്യര്‍ എന്നിവര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം