കാരൂര്‍ സോമനു പ്രവാസി സാഹിത്യ പുരസ്കാരം
Monday, January 18, 2016 7:56 AM IST
ന്യൂയോര്‍ക്ക്: സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് ഓണ്‍ലൈന്‍ മാധ്യമമായ ഇ മലയാളി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യപുരസ്കാരം കാരൂര്‍ സോമനു ലഭിച്ചു.

സാഹിത്യരംഗത്ത് ഇരുപതോളം സാഹിത്യപുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കാരൂര്‍- മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ബാലരമയിലൂടെ ചെറുകവിതകള്‍ എഴുതി കടന്നുവന്ന കാരൂര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നാടകം, നോവല്‍, കഥ, കവിത, ലേഖനം, സഞ്ചാര സാഹിത്യം, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം മേഖലകളില്‍ കേരളത്തിലെ പ്രമുഖ പ്രസാദകര്‍ പ്രസിദ്ധീകരിച്ച നാല്പതോളം കൃതികളുടെ ഉടമയാണ്. ഈയിടെയാണ് കാരൂരിന്റെ ഇംഗ്ളീഷ് നോവല്‍ 'മലബാര്‍ എ ഫ്ളെയിം' ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രകാശനം ചെയ്തത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്നതിനൊപ്പം എല്ലാവര്‍ഷവും കേരളത്തില്‍നിന്നിറങ്ങുന്ന ഓണപ്പതിപ്പുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.

മറ്റു പുരസ്കാരങ്ങള്‍ക്ക് അമേരിക്കയില്‍നിന്നുള്ള ഡോ. എ.കെ.ബി. പിള്ള (സമഗ്രസംഭാവന), തമ്പി ആന്റണി (കവിത), ലൈല അലക്സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍) എന്നിവരും അര്‍ഹരായി.