മാര്‍ക്ക് കുടുംബ സംഗമം അവിസ്മരണീയമായി
Monday, January 18, 2016 7:36 AM IST
ഷിക്കാഗോ: നൂറോളം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടേയും, കുടുംബാംഗങ്ങളുടേയും പങ്കാളിത്തവും, വിശിഷ്ടാതിഥികളുടെ സാന്നിധ്യവും, അര്‍ത്തവത്തായ അവരുടെ സന്ദേശങ്ങളും, പ്രതിഭാസമ്പന്നരായവരുടെ കര്‍ണ-നയനാനന്ദകരമായ സ്റേജ് പ്രോഗ്രാമുകളും ഒത്തുചേര്‍ന്നപ്പോള്‍, ജനുവരി ഒമ്പതിനു മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷില്‍ വച്ചു നടത്തപ്പെട്ട മാര്‍ക്കിന്റെ വാര്‍ഷിക കുടുംബസംഗമം അവിസ്മരണീയമായ അനുഭവമായി മാറി.

വൈകുന്നേരം 5.30-നു സൌഹൃദം പുതുക്കുന്നതിനുള്ള സോഷ്യല്‍ അവറോടുകൂടി കുടുംബ സംഗമത്തിനു തുടക്കമായി. കുമാരി നേഹാ ഹരിദാസ് ആലപിച്ച ദേശീയ ഗാനത്തോടെ 6.45-നു പൊതുസമ്മേളനം ആരംഭിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്കറിയാ കുട്ടി തോമസ് സമ്മേളനത്തില്‍ സ്വാഗതം ആശംസിക്കുകയും, വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഐഎസ്ആര്‍സി പ്രസിഡന്റ് ബ്രയന്‍ ലോവ്ലര്‍ മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു. രെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്റെ ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കുമായി എഎആര്‍സി, ഐഎസ്ആര്‍സി എന്നീ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. മാര്‍ക്ക് പ്രസിഡന്റായി ചുമതലയേറ്റ യേശുദാസ് ജോര്‍ജ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

ഡോ. ബിന്‍സി ഏബ്രഹാം ജോസഫ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുസമ്മേളനത്തിനുശേഷം അരങ്ങേറിയ മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന കലാമേളയില്‍ ചെണ്ടമേളം, സംഘനൃത്തങ്ങള്‍, ഗാനങ്ങള്‍, സ്കിറ്റ് എന്നിവയ്ക്കുപുറമെ യുവഗായകരായ ഷാബിന്‍, ശാന്തി ജെയ്സണ്‍ ടീമിന്റെ ശ്രുതിമധുരമായ ഗാനമേളയും അരങ്ങേറി. ഷൈനി ഹരിദാസ്, സമയാ ജോര്‍ജ്, ലൂക്കോസ് ജോസഫ് എന്നിവര്‍ സ്റേജ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു.

വിജയന്‍ വിന്‍സെന്റ്, സാം തുണ്ടിയില്‍, മാക്സ് ജോയി, ജോമോന്‍ മാത്യു, സണ്ണി കൊട്ടുകാപ്പള്ളില്‍, ജയ്മോന്‍ സ്കറിയ, ഷാജു മാത്യു, ഷാജന്‍ വര്‍ഗീസ്, ജോണ്‍ ചിറയില്‍, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ജോര്‍ജ് ഒറ്റപ്ളാക്കില്‍ എന്നിവര്‍ കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം, ഏഷ്യാനെറ്റ് യുഎസ്എ എന്നിവരുടെ സജീവ സാന്നിധ്യം സമ്മേളനത്തിന്റെ വാര്‍ത്താപ്രാധാന്യം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അറിയിക്കുവാന്‍ ഉപകരിച്ചു.

മാര്‍ക്കിന്റെ വിശേഷാല്‍ പൊതുയോഗം ഫെബ്രുവരി ആറിനു (ശനിയാഴ്ച) പത്തിനു മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പാരീഷില്‍ വച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ ആദ്യ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് അഞ്ചിനു (ശനിയാഴ്ച) നടത്തപ്പെടും. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം