കാലം ചെയ്ത അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ തിരുമേനിക്കു പ്രണാമം
Monday, January 18, 2016 7:35 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ അധീനതയിലുള്ള നോര്‍ത്ത് ഈസ്റ്, ഈസ്റ് ഈസ്റ് സെന്ററിലെ ഇടവകകളുടെ സംയുക്ത അനുസ്മരണ യോഗം ജനുവരി 18-നു ക്യൂന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തി.

ക്വയറിന്റെ പ്രാരംഭ ഗാനത്തോടൊപ്പം, വൈകിട്ട് ഏഴിനു തുടങ്ങിയ ശുശ്രൂഷയ്ക്ക് ഭദ്രാസന ബിഷപ്പ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ നേതൃത്വം കൊടുത്തു. നോര്‍ത്ത് സൌത്ത് റീജണില്‍നിന്നുള്ള റവ. ഐസക് പി. കുര്യന്‍, റവ. റോയി തോമസ്, റവ. ഡെന്നീസ് ഏബ്രഹാം, റവ. ഷിബി ഏബ്രഹാം, റവ. ഷിനോയ് ജോസഫ് എന്നീ വൈദീകരെ കൂടാതെ ഡോ. റോണ്‍ ജേക്കബ്, ജയ്സണ്‍ വര്‍ഗീസ്, റോഷന്‍ വര്‍ഗീസ്, ജസ്റിന്‍ ജോര്‍ജ്, സ്റെഫി തോമസ്, സുനില്‍ വര്‍ഗീസ് എന്നിവരും ശുശ്രൂഷയില്‍ പങ്കാളികളായി. ടി.എസ് ചാക്കോ (എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, പോര്‍ട്ട്ചെസ്റര്‍), മറിയാമ്മ ഏബ്രഹാം (എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ച്) എന്നിവര്‍ ഒന്നും രണ്ടും പാഠഭാഗങ്ങള്‍ വായിച്ചു.

റവ. വര്‍ഗീസ് കെ. തോമസിന്റെ പ്രാരംഭ പ്രാര്‍ഥനയ്ക്കുശേഷം റൈറ്റ് റവ.ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഈ അനുസ്മരണ യോഗത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തതോടൊപ്പം മാര്‍ത്തോമാ സഭയ്ക്കും, നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിനും സഖറിയാസ് തിരുമേനിയില്‍നിന്നു ലഭിച്ച നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും അനുസ്മരിക്കുകയും ചെയ്തു.

നോര്‍ത്ത് ഈസ്റ് ഇടവകകളിലെ പട്ടക്കാരെ പ്രതിനിധീകരിച്ച് റവ. ഷിബു മാത്യു (ലോംഗ്ഐലന്‍ഡ് മാര്‍ത്തോമാ ചര്‍ച്ച്) അഭിവന്ദ്യ സഖറിയാസ് തിരുമേനിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ പ്രസംഗം നടത്തിയ തമ്പി കുര്യന്‍ (കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച്ച്, ബോസ്റണ്‍) അഭിവന്ദ്യ സഖറിയാസ് തിരുമേനിയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ച ധന്യനിമിഷങ്ങളെ ഓര്‍ക്കുകയും, തിരുമേനിയുമാണ്ടായിരുന്ന ഊഷ്മളബന്ധത്തെ അനുസ്മരിക്കുകയും ചെയ്തു.

വിവിധ സഭകളുടെ മേലധ്യക്ഷന്മാരില്‍നിന്നും സംഘടനാ നേതൃത്വത്തില്‍നിന്നും ലഭിച്ച അനുശോചന സന്ദേശങ്ങള്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയി തോമസ് വായിച്ചു. റൈറ്റ് റവ. സഖറിയാസ് മാര്‍ നിക്കളാവോസ് (മലങ്കര ഓര്‍ത്തഡോക്സ്), റൈറ്റ് റവ. തോമസ് മാര്‍ യൌസേബിയോസ് (മലങ്കര കാത്തലിക് ചര്‍ച്ച്), ബിഷപ്പ് ജോണ്‍ സി. ഇട്ടി (സി.എസ്.ഐ), റവ. ജോണ്‍ മഗ്ളൌസ്, നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി ജിം വിംഗ്ളര്‍ എന്നിവര്‍ അഭിവന്ദ്യ തിരുമേനിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

അഭിവന്ദ്യ സഖറിയാസ് തിരുമേനി രചിച്ച ഗാനങ്ങള്‍ ഉള്‍പ്പടെ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ച ക്വയറിനോടുള്ള നന്ദിയും കടപ്പാടും സെക്രട്ടറി അച്ചന്‍ അറിയിച്ചു.

റവ. ഡോ. ഫിലിപ്പ് വര്‍ഗീസ് അച്ചന്റെ പ്രാര്‍ഥനയ്ക്കും, ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തിനും ശേഷം ക്വയറിന്റെ ഗാനത്തോടെ അനുസ്മരണ ശുശ്രൂഷയ്ക്ക് വിരാമമായി. ഭദ്രാസന എപ്പിസ്കോപ്പ റവ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയുടെ കൈമുത്തോടെ അനുസ്മരണ യോഗത്തിന് തിരശീല വീണു. സി.എസ്. ചാക്കോ (എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്) ഭദ്രാസന മെമ്പര്‍/ഇടവക സെക്രട്ടറി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം