നോര്‍ക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡുകളെ പുനഃസംഘടിപ്പിക്കുക: കല കുവൈറ്റ്
Saturday, January 16, 2016 10:24 AM IST
കുവൈത്ത് സിറ്റി: ബഹുഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് യാതൊരു ഗുണവും ചെയ്യാത്ത നോര്‍ക്ക റൂട്ട്സ് പുനസംഘടിപ്പിച്ച് പ്രവാസി താത്പര്യങ്ങളെ സംരക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി നോര്‍ക്കറൂട്ട്സ് പുനസംഘടിപ്പിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് 37-ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനം കേരള സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇന്നത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിഷ്ക്രിയരാണെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഉള്‍പ്പെടുത്തി പ്രവാസി സംഘടനകളുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ടു സംസ്ഥാന പ്രവാസി ക്ഷേമബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തി പുനഃസംഘടിപ്പിക്കണമെന്നു പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

മധു ഇളമാട് നഗറില്‍ (സാല്‍വ അല്‍ദാന സ്കൂള്‍) ചേര്‍ന്ന വാര്‍ഷിക സമ്മേളനം കല കുവൈത്തിന്റെ മുതിര്‍ന്ന അംഗം എന്‍. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ഫാസിസ്റ് സര്‍ക്കാരിനു കീഴില്‍ രാജ്യത്തു നടമാടുന്ന അസഹിഷ്ണുതയ്ക്കെതിരേ കലയെ പോലൊരു സംഘം ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ടി.വി. ഹിക്മത്ത്, സാം പൈനുംമൂട്, നുസ്രത്ത് സക്കരിയ എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. പ്രവര്‍ത്തന വര്‍ഷത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ പ്രമുഖരെ അനുസ്മരിച്ച് കല കുവൈറ്റ് ജോ. സെക്രട്ടറി ഷാജു വി. ഹനീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

കല ഫഹാഹീല്‍ മേഖലയിലെ പ്രവര്‍ത്തകര്‍ ആലപിച്ച ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സൌഹാര്‍ദ്ദ പ്രതിനിധികളായി വിവിധ സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമ പ്രര്‍ത്തകരുമായ സാബു പീറ്റര്‍, ശരീഫ് താമരശേരി, പി.ടി. ശരീഫ്, ബഷീര്‍ ബാത്ത, രഘുനാഥന്‍ നായര്‍, വിനോദ് എ.പി. നായര്‍, അനില്‍കുമാര്‍, അനില്‍ പി. അലക്സ് എന്നിവര്‍ പങ്കെടുത്തു.

ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍കൂക്കിരി സാമ്പത്തിക റിപ്പോര്‍ട്ടും, ഭരണഘടനാ ഭേദഗതിയും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

പ്രവാസികാര്യ മന്ത്രാലയം പുനസ്ഥപിക്കുക, കുവൈത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സുഗതകുമാര്‍ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആര്‍. നാഗനാഥന്‍ അവതരിപ്പിച്ചു.

കുവൈത്തിലെ നാല് മേഖല സമ്മേളനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപെട്ട 332 പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും അടക്കം 352 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ജെ. സജി സ്വാഗതവും സി.കെ. നൌഷാദ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍