ബോബി ജിന്‍ഡാല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞു
Saturday, January 16, 2016 10:22 AM IST
ലൂസിയാന: രണ്ടു തവണ തുടര്‍ച്ചയായി ലൂസിയാന ഗവര്‍ണറായിരുന്ന ബോബി ജിന്‍ഡാല്‍ ജനുവരി 12നു ഗവര്‍ണര്‍ പദവി ഒഴിഞ്ഞു. അമേരിക്കയില്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജന്‍കൂടിയാണ് ബോബി.

2008ല്‍ ലൂസിയാന ഗവര്‍ണര്‍ പദവിയിലെത്തിയ ബോബി 2011ല്‍ വീണ്ടും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ലൂസിയാന സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിനു ശക്തമായ നടപടികളാണു ബോബി സ്വീകരിച്ചത്. ഓരോ വര്‍ഷവും ബോബി ജിന്‍ഡാള്‍ അവതരിപ്പിച്ച ബജറ്റ് പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

വന്‍കിട വ്യവസായികളെ ആകര്‍ഷിക്കുന്ന വ്യവസായ നയം നടപ്പാക്കിയതുവഴി ഗവണ്‍മെന്റിന്റെ ഖജനാവിലേക്കു വില്പന നികുതിയിനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാക്കിയത്.

2015ല്‍ ജിന്‍ഡാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവായി ഉയര്‍ന്നുവെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിലനിര്‍ത്തുന്നതിന് ആവശ്യമായ പിന്തുണ ജിന്‍ഡാളിനു ലഭിച്ചില്ല. റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.

2009ല്‍ പ്രസിഡന്റ് ഒബാമ നടത്തിയ യൂണിയന്‍ അഡ്രസിനു റിപ്പബ്ളിക്കന്‍ പാര്‍ട്ടി മറുപടി നല്‍കുന്നതിനായി ജിന്‍ഡാളിനെയാണു തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ മാതാപിതാക്കളുടെ മകനായി അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ജിന്‍ഡാല്‍ ഉറച്ച കത്തോലിക്കാ വിശ്വാസിയാണ്.

1977ല്‍ വിവാഹിതനായ ബോബിയുടെ ഭാര്യ സുപ്രിയയും മക്കള്‍ സ്ളേയ്ഡ്, സീലിയ, ഷാന്‍ എന്നിവരാണ്. ഇനിയും തെരഞ്ഞെടുപ്പ് രംഗത്തേക്കു തിരിച്ചു വരുമോ എന്ന ചോദ്യത്തിന്, തീരുമാനിച്ചില്ല എന്നായിരുന്നു മറുപടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍