മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍
Saturday, January 16, 2016 2:06 AM IST
ഷിക്കാഗോ: പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവ തിരുമനസിലെ 84-മത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലുള്ള സെന്റ് പീറ്റേഴ്സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി 2016 ഫെബ്രുവരി 6,7 (ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോയില്‍ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വെച്ച്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും, വന്ദ്യ സക്കറിയ കോര്‍എപ്പിസ്കോപ്പ തേലപ്പള്ളില്‍, റവ.ഫാ. ലിജു പോള്‍, റവ.ഫാ. മാത്യു കരുത്തലയ്ക്കല്‍, റവ.ഫാ. തോമസ് മേപ്പുറത്ത്, റവ.ഫാ. തോമസ് നെടിയവിള എന്നീ വൈദീക ശ്രേഷ്ഠരുടെ സഹകാര്‍മികത്വത്തിലും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 31-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം, പെരുന്നാള്‍ ആഘോഷിക്കുന്ന ഷിക്കാഗോയിലുള്ള സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടെ പെരുന്നാളിനു തുടക്കം കുറിക്കും.

ഫെബ്രുവരി ആറാം തീയതി ശനിയാഴ്ച വൈകുന്നേരം ആറിനു അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കും. ധൂപപ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. സന്ധ്യാപ്രാര്‍ത്ഥനാനന്തരം അഭിവന്ദ്യ തിരുമനസ്സിലെ അനുഗ്രഹപ്രഭാഷണം ഉണ്ടായിരിക്കും. ആശീര്‍വാദത്തിനുശേഷം ഭക്ഷണത്തോടുകൂടി ശനിയാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.

ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക് അഭിവന്ദ്യ മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, പരിശുദ്ധ ബാവായുടെ നാമത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുര്‍ബാനയ്ക്കുശേഷമുള്ള പൊതുസമ്മേളനത്തില്‍ വെച്ച് 'അന്ത്യോഖ്യാ വിശ്വാസവും മലങ്കര സഭയും' എന്ന വിഷയത്തെ ആസ്പദമാക്കി യുവജനങ്ങള്‍ എഴുതിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവരെ അനുമോദിക്കും.

വിശുദ്ധ കുര്‍ബാനാനന്തരം നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന്, കൊടിയിറക്കം എന്നീ ചടങ്ങുകളോടുകൂടി, കഴിഞ്ഞ പത്തുവര്‍ഷമായി ഷിക്കാഗോയില്‍ ആഘോഷിച്ചുവരുന്ന ഈ പെരുന്നാള്‍ സമാപിക്കും. ഓരോ പള്ളിയിലേയും ചുമതലക്കാര്‍, മാത്യു കുര്യാക്കോസ്, ജോജി കുര്യാക്കോസ്, വര്‍ഗീസ് പാലമലയില്‍, രാജു മാലിക്കറുകയില്‍, സ്റാന്‍ലി കളരിക്കമുറി, ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ, റെജിമോന്‍ ജേക്കബ്, കുര്യന്‍ ജോര്‍ജ്, ഷെവലിയാര്‍ ജോര്‍ജ് വര്‍ഗീസ്, വില്‍സണ്‍ വര്‍ഗീസ്, പബ്ളിസിറ്റി കണ്‍വീനര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കും. ഷിക്കാഗോ ചെണ്ട ക്ളബിന്റെ വാദ്യമേളം പെരുന്നാളിന് കൊഴുപ്പുകൂട്ടും.

പാര്‍ക്കിംഗ് സൌകര്യം: പെരുന്നാള്‍ ആഘോഷം നടക്കുന്ന പള്ളിയുടെ നേരേ എതിര്‍വശത്തുള്ള ലൂതറന്‍ ട്രിനിറ്റി പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം