യുഎഇ കോണ്‍സുലേറ്റ് വൈകുന്നു; പ്രവാസികള്‍ വലയുന്നു
Friday, January 15, 2016 7:09 AM IST
തിരുവനന്തപുരം: മലയാളികളുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ തൊഴിലന്വേഷകര്‍ക്കും യുഎഇയിലെ പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമായിരുന്ന തലസ്ഥാനത്തെ നിര്‍ദ്ദിഷ്ട യുഎഇ കോണ്‍സുലേറ്റ് പ്രഖ്യാപനം വന്ന് രണ്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാനായില്ല.

2014 ജനുവരി 10നു യുഎഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്ള അല്‍ഒവൈസ് ആണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് പ്രഖ്യാപിച്ചത്. ഇതിനു സമാനമായി അജ്മാനിലോ റാസ് അല്‍ ഖൈമയിലോ ഒരു കോണ്‍സുലേറ്റ് തുറക്കുമെന്ന് ഇന്ത്യാ ഗവണ്‍മെന്റും തീരുമാനമെടുത്തു. അതും ഇതുവരെ പ്രവര്‍ത്തനം ആരഭിച്ചിട്ടില്ല.

2015 മേയില്‍ യുഎഇ അംബാസഡര്‍ മുഖ്യമന്ത്രിയുമായി ഇതേപ്പറ്റി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയിരുന്നു. അനുയോജ്യമായ സ്ഥലം കണ്െടത്തിയിട്ടുണ്െടന്നും താമസിയാതെ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എംബസി സംബന്ധമായ വീസാ സ്റാമ്പിംഗ്, അറ്റസ്റേഷന്‍ തുടങ്ങിയവയ്ക്ക് ഇപ്പോഴും ഡല്‍ഹിയോ മുംബൈയോ ആണ് ആശ്രയിക്കുന്നത്. ഏറ്റവും കൂടുതല്‍ മലയാളികളുള്ള ഗള്‍ഫ് രാജ്യം യുഎഇ ആണ്. നിര്‍ദ്ദിഷ്ട കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ വീസാ അറ്റസ്റേഷന് ഇപ്പോള്‍ ശരാശരി വേണ്ടിവരുന്ന രണ്ടാഴ്ച്ചയെന്ന കാലയളവ് കേവലം രണ്ടുദിവസമായി കുറയ്കാനാകും.

നിലവില്‍ യുഎഇക്ക് ഡല്‍ഹിയില്‍ എംബസിയും മുംബൈയില്‍ ഒരു കോണ്‍സുലേറ്റുമാണ് ഉള്ളത്. കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ നാലു തെക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കോണ്‍സുലേറ്റാണ് തിരുവനന്തപുരത്ത നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് മാലിദ്വീപിന്റെയും ശ്രീലങ്കയുടെയും എംബസികളും റഷ്യ, ജര്‍മനി എന്നിവയുടെ ഓരോ സാംസ്കാരിക കേന്ദ്രങ്ങളുമാണുള്ളത്. ഇതര മധ്യപൂര്‍വ ദേശങ്ങളുടെ എംബസികളും പ്രവര്‍ത്തനം തുടങ്ങുമെന്നറിയുന്നു. ഇവയെല്ലാം ചേര്‍ത്ത് ഡല്‍ഹിയിലെ ചാണക്യപുരി പോലെ ഒരു നയതന്ത്ര മേഖല സ്ഥാപിക്കാന്‍ നോര്‍ക്ക മുന്‍കൈയെടുക്കണം.

സ്മാര്‍ട്ട്സിറ്റി ഒന്നാം ഘട്ടം ഉദ്ഘാടനത്തിനെത്തുന്ന യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം കേരളത്തിലെത്തുമ്പോള്‍ യുഎഇയിലുള്ള പ്രവാസി മലയാളികളുടെ ദുരിതത്തിന് അറുതിവരുത്തുവാന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനവും നടത്താനാകുമോ എന്നു അധികൃതര്‍ പരിശോധിക്കേണ്ടതാണ്.