'മക്കള്‍ക്ക് ധാര്‍മികബോധം നല്‍കിയില്ലെങ്കില്‍ ഇരു ലോകത്തും തിക്തഫലം അനുഭവിക്കേണ്ടി വരും'
Thursday, January 14, 2016 8:51 AM IST
മനാമ: പുതു തലമുറയില്‍ ധാര്‍മികബോധം നഷ്ടപ്പെട്ടതാണ് ഇന്നിന്റെ പ്രധാന പ്രശ്നമെന്നും സ്വന്തം മക്കള്‍ക്കു ചെറുപ്പം മുതല്‍ ധാര്‍മിക വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ അതിന്റെ തിക്ത ഫലം ഇരു ലോകത്തും രക്ഷിതാക്കള്‍ അനുഭവിക്കേണ്ടി വരുമെന്നും പ്രമുഖ വാഗ്മിയും അബുദാബി ഇസ്ലാമിക് സെന്റര്‍ സാരഥിയുമായ ഡോ. അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍.

'തിരു നബി(സ) സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍' എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി മനാമയിലെ കര്‍ണാടക ക്ളബില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുഴുവന്‍ വിശ്വാസികളോടുമായി തിരുനബി(സ) യുടെ ഒരു വചനം ശ്രദ്ധേയമാണ്. നിങ്ങള്‍ എല്ലാവരും ഓരോ ഭരണാധികാരികളാണ്. നിങ്ങളുടെ കീഴിലുള്ള ഭരണീയരെ കുറിച്ചും അവരോടുള്ള ഉത്തരവാദിത്വത്ത നിര്‍വഹണത്തെകുറിച്ചും അല്ലാഹു പരലോകത്ത് ചോദ്യം ചെയ്യും എന്ന ആശയത്തിലുള്ള തിരുവചനത്തിന്റെ അവസാനത്തില്‍ ഒരു ഗൃഹനാഥയ്ക്ക് ഉണ്ടാകേണ്ട ചുമതലാ ബോധം തിരുനബി(സ) പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഒരു സ്ത്രീക്ക് ഭര്‍ത്താവിന്റെ വീടിന്റെ ചുമതലയെക്കുറിച്ച് ഉത്തരവാദിത്വമുണ്െടന്നും അതില്‍ വീഴ്ച വരുത്തിയാല്‍ അവളോട് അല്ലാഹു ചോദ്യം ചെയ്യുമെന്നും പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് മനാമയിലെ സമസ്ത മദ്രസ വിദ്യാര്‍ഥികളുടെ വിവിധ കലാമത്സരങ്ങളും വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു. തുടര്‍ന്നു നടന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസിലും പ്രാര്‍ഥനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ബോധന പ്രഭാഷണം നടത്തി. അശ്റഫ് അന്‍വരി, മൂസ മൌലവി വണ്ടൂര്‍, ഹാഫിള്‍ ശറഫുദ്ദീന്‍ മൌലവി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഖാസിം മൌലവി, ഇബ്രാഹിം ദാരിമി, ജാബിര്‍ മൌലവി, ശിഹാബ് മൌലവി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഹംസ അന്‍വരി, സലിം ഫൈസി, മുഹമ്മദ് മുസ്ലിയാര്‍, സുലൈമാന്‍ മുസ്ലിയാര്‍, കളത്തില്‍ മുസ്തഫ, അഷ്റഫ് കാട്ടില്‍ പീടിക, മുഹമ്മദലി വളാഞ്ചേരി എന്നിവരും സമസ്തയുടെ വിവിധ കേന്ദ്ര ഏരിയ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. എസ്.എം. അബ്ദുള്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.