സല്‍മാന്‍ രാജാവിന്റെ സ്ഥാനാരോഹണത്തിനു ഒരു വര്‍ഷം തികഞ്ഞു
Thursday, January 14, 2016 8:47 AM IST
ദമാം: സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സ്ഥാനോഹരണത്തിനു ഹിജ്റ കലണ്ടര്‍ പ്രകാരം ഇന്നലെ (13 ഖമി) ഒരു വര്‍ഷം പൂര്‍ത്തിയായി.

1436 റബീഉല്‍ ആഖിര്‍ മൂന്നിനാണ് അബ്ദുള്ള രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് കിരീടവകാശിയായിരുന്ന സല്‍മാന്‍ രാജാവ് രാജ്യത്തിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്.

തലസ്ഥാന നഗരിയായ റിയാദ് മേഖലയുടെ ഗവര്‍ണറായി 50 വര്‍ഷത്തോളം സേവനമനുഷ്ടിച്ചതിന്റെ ഭരണ മികവുമായിട്ടായിരുന്നു സല്‍മാന്‍ രാജാവ് രാജ്യ ഭരണത്തിനു തുടക്കം കുറിച്ചത്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്കിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് കരുത്തു പകരുന്ന സാമ്പത്തിക പദ്ധതിക്കുമാണു കഴിഞ്ഞ വര്‍ഷം രാജാവ് മുന്‍തൂക്കം നല്‍കിയത്. വെല്ലുവിളികള്‍ നേരിടുന്നതിനു ദേശിയ സമ്പത്ത് വ്യവസ്ഥക്ക് കഴിയുമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജാവിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ മാസം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനും അയല്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കുമിടെയാണു പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നു ബജറ്റ് അവതരണത്തിനിടെ രാജാവ് പറഞ്ഞിരുന്നു.

വിപണിയില്‍ എണ്ണവില ഇടിഞ്ഞെങ്കിലും ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിനുള്ള സംയോജിത പ്രവര്‍ത്തന പദ്ധതിയുടെ തുടക്കമായിരുന്നു സല്‍മാന്‍ രാജാവിന്റെ ആദ്യ ബജറ്റ്.

മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കുമായി സൌദി ശക്തമായ ഇടപെടുന്ന കാഴ്ചയാണു പോയ വര്‍ഷം ലോകം കണ്ടത്. അതിനായി സഖ്യസേന രൂപീകരിക്കാനും കഴിഞ്ഞു.

ഏറ്റവും ഒടുവില്‍ ഇറാനില്‍ സൌദി നയതന്ത്ര സ്ഥാപനങ്ങള്‍ക്കു നേരേ നടന്ന ആക്രമങ്ങളില്‍ ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ മാത്രമല്ല അറബ് രാജ്യങ്ങളുടെയും പിന്തുണ നേടാനും സൌദിക്കു സാധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം