രഞ്ജിത് നായര്‍ കെഎച്ച്എന്‍എ യുവ കോ-ഓര്‍ഡിനേറ്റര്‍, അംബിക ശ്യാമള ഇവന്റ് കമ്മിറ്റി ചെയര്‍
Tuesday, January 12, 2016 10:08 AM IST
നോര്‍ത്ത് കരോളിന: ഷാര്‍ലറ്റില്‍ മേയ് ആറു മുതല്‍ എട്ടു വരെ നടക്കുന്ന കെഎച്ച്എന്‍എ യുവജന കുടുംബ സംഗമത്തിന്റെ യുവ കോ-ഓര്‍ഡിനേറ്ററായി രഞ്ജിത് നായരേയും ഇവന്റ് കമ്മിറ്റി ചെയറായി അംബിക ശ്യാമളയെയും തെരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.

അമേരിക്കയിലെ മലയാളി ഹിന്ദു യുവ സമൂഹത്തിന്റെ വളര്‍ച്ചക്ക് നവീന ആശയങ്ങളുമായി മുന്നോട്ടു വരാനും പുതിയ സംരഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും യുവയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകളെ മുറുകെപ്പിടിച്ചു വരും തലമുറകളിലേക്ക് ഭാരതീയ മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ യുവജന കുടുംബസംഗമം പ്രചോദനം ആകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎച്ച്എന്‍എയുടെ മുന്‍ ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ യുവ സാന്നിധ്യം ആണ് രഞ്ജിത് നായര്‍. അംബിക ഷാര്‍ലറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പടെ നോര്‍ത്ത് കരോളിനയിലെ വിവിധ സംഘടനകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. ഇരുവരും ഐടി രംഗത്തുനിന്നുള്ളവരാണ്.

യുവ ജന സംഗമത്തോടനുബന്ധിച്ചു പ്രഫഷണല്‍ സമ്മിറ്റ് ,കരിയര്‍ ഡെവലപ്മെന്റ് സെമിനാര്‍, ഫാമിലി നെറ്റ് വര്‍ക്കിംഗ് എന്നിവ ഉള്‍പ്പടെ വിവിധ പരിപാടികള്‍ നടത്തും. കൂടാതെ അക്കാഡമിക് രംഗത്തും കലാരംഗത്തും മികവു പുലര്‍ത്തുന്നവരെ കണ്െടത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള വേദിയോരുക്കാനും യുവജന സംഗമം ലക്ഷ്യമിടുന്നു. നവീന സാങ്കേതിക വിദ്യയിലൂന്നിയ പുത്തന്‍ തൊഴില്‍ അവസരങ്ങളില്‍ അധിഷ്ടിതമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ മലയാളി യുവജന സാന്നിധ്യം വര്‍ധിച്ചു വരുന്നു. അതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ നോര്‍ത്ത് കരോളിനയില്‍ നടത്തുന്ന സംഗമം കെഎച്ച്എന്‍എയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്തേകാന്‍ ഉപകരിക്കുമെന്ന് കരുതപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം