സ്തുതി ഗീതികളുടെ മാധുര്യം പകര്‍ന്ന് വിശ്വാസികളില്‍ സംഗീതമഴ പെയ്തിറങ്ങി
Tuesday, January 12, 2016 8:33 AM IST
അബുദാബി: മാര്‍ത്തോമ ഇടവക ഗായകസംഘത്തിന്റെ നാല്പതാമതു വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഒരുക്കിയ 'നിലാവ് പോലെ' എന്ന സംഗീതസന്ധ്യ ക്രൈസ്തവ ഭക്തിഗാനങ്ങളുടെ വേറിട്ടൊരു അവതരണമായി.

സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മ്യൂസിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ റവ. സാജന്‍ പി. മാത്യു സംഗീത പരിപാടിക്ക് നേതൃത്വം നല്‍കി. ഗായിക ഷിബി റേച്ചല്‍ ടൈറ്റസും ഗാനങ്ങള്‍ ആലപിച്ചു.

അര്‍ബുദ രോഗത്തില്‍നിന്നു രോഗവിമുക്തി നേടിയ റവ. സാജന്‍ പി. മാത്യു രചിച്ചു ഈണം നല്‍കിയ ഗാനങ്ങളുടെ അവതരണമായിരുന്നു പരിപാടിയുടെ മുഖ്യാകര്‍ഷണം. അബുദാബി മാര്‍ത്തോമ ഗായകസംഘം ക്രൈസ്തവ ഭക്തിഗാനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിച്ചു.

റവ. സാജന്‍ പി. മാത്യുവിനു ഇടവക വികാരിയും ഗായകസംഘം പ്രസിഡന്റുമായ റവ. പ്രകാശ് ഏബ്രഹാം ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് റവ. ഐസക് മാത്യു, ജനറല്‍ കണ്‍വീനര്‍ റോയി ജോര്‍ജ്, ക്വയര്‍ മാസ്റര്‍ ഫിലിപ്പ് കെ. മാത്യു, സെക്രട്ടറി കോശി വിളനിലം, സിജി ജോര്‍ജ്, റിനോഷ് മാത്യു, ഷീജ രാജു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള