ഇസ്പാഫ് 'ക്വിസ് ഇന്ത്യ 2016' ഫൈനല്‍ ജനുവരി 16ന്
Tuesday, January 12, 2016 8:32 AM IST
ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ സ്കൂള്‍ പേരന്റ്സ് ഫോറം (ഇസ്പാഫ്) സംഘടിപ്പിച്ച 'ക്വിസ് ഇന്ത്യ 2016' ആദ്യഘട്ട മത്സരത്തില്‍ നിന്ന് 60 പേര്‍ രണ്ടാം ഘട്ട, ഫൈനല്‍ റൌണ്ട് മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 16ന് വൈകുന്നേരം നാലിന് ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ് രണ്ടാം ഘട്ട, ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ഇന്ത്യയുടെ സംസ്കാരം, ചരിത്രം, ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണു മത്സരം നടന്നത്. ഇന്ത്യന്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സംഘടിപ്പിച്ച പ്രാഥമിക റൌണ്ട് എഴുത്ത് പരീക്ഷാ മത്സരത്തില്‍ ജിദ്ദയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള ഇരുനൂറിലേറെ കുട്ടികള്‍ പങ്കെടുത്തു.

ഇതില്‍ നിശ്ചിത സ്കോര്‍ കരസ്ഥമാക്കിയവരെയാണു രണ്ടാംഘട്ടത്തിലേക്കു തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു വിഭാഗങ്ങളിലെ ആറു പേരെ വീതമായിരിക്കും ഫൈനല്‍ റൌണ്ടിലേക്കു തെരഞ്ഞെടുക്കുക.

ഇന്ത്യന്‍ സാംസ്കാരിക, ചരിത്ര, ഭൂമിശാസ്ത്ര വിഷയങ്ങളും പൊതു വിജ്ഞാനവും ഉള്‍പ്പെടുത്തി ഓഡിയോ, വിഷ്വല്‍ മീഡിയയുടെ സഹായത്തോടെയായിരിക്കും ഫൈനല്‍ റൌണ്ട് മത്സരം. മത്സരം വീക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്കും അവസരമുണ്ടായിരിക്കും. ഫൈനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്കു പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍