നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നു: ഡോ. പി.എസ്. ശ്രീകല
Tuesday, January 12, 2016 7:19 AM IST
അബുദാബി: ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനു മുമ്പും, ശേഷവും കേരളത്തില്‍ നടന്ന നവോത്ഥാന ശ്രമങ്ങളുടെ തുടര്‍ച്ച വര്‍ത്തമാന കാലത്ത് ഇല്ലാതാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. സമുദായ പരിഷ്കര്‍ത്താക്കള്‍ രൂപം കൊടുത്ത സംഘടനകളുടെ ഇന്നത്തെ പിന്മുറക്കാരായ നേതാക്കള്‍ അവയെ വീണ്ടും ജാതീയതയുടെയും, സവര്‍ണതയുടെയും വിധേയത്വത്തിലേക്ക് തിരിച്ചു കൊണ്ടു പോവുന്ന കാഴ്ചയാണുള്ളതെന്നു ഡോ. പി.എസ്. ശ്രീകല.

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും, ശക്തി തിയറ്റേഴ്സിന്റെയും വനിതാ വിഭാഗങ്ങള്‍ സംയുക്തമായി നല്കിയ സ്വീകരണത്തില്‍ 'നവോത്ഥാനത്തിന്റെ വര്‍ത്തമാനം' എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍. വൈകുണ്ഠ സ്വാമികള്‍, ശ്രീനാരായണ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും സൃഷ്ടിച്ചെടുത്ത നവോത്ഥാന പരിസരത്തിന്റെ ബലത്തിലാണ് ഇന്നത്തെ വികസിതമായ കേരളീയ സമൂഹം രൂപപ്പെട്ടത്. ശക്തി വനിതാവിഭാഗം കണ്‍വീനര്‍ പ്രിയ ബാലചന്ദ്രന്‍ അദ്ധ്യക്ഷയായിരുന്ന യോഗത്തില്‍ കെഎസ്സി വനിതാ വിഭാഗം കണ്‍വീനര്‍ സുധാ സുധീര്‍ സ്വാഗതം ആശംസിക്കുകയും, ശക്തി ജോയിന്റ് കണ്‍വീനര്‍ പ്രമീള രവി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള