'പ്രവാസികാര്യ മന്ത്രാലയം ഒഴിവാകാനുള്ള നടപടി പ്രവാസികളോടുള്ള ദ്രോഹം'
Tuesday, January 12, 2016 7:18 AM IST
ജിദ്ദ: പ്രവാസി വകുപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും പ്രവാസികളെ ദ്രോഹിക്കുന്നതും ആണെന്നു പിസിഎഫ് ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിലും സമ്പദ്ഘടനയിലും സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തെ ഇതിലൂടെ വീണ്ടും അവഗണിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികള്‍ക്ക് അവരുടെ പ്രശ്നപാരിഹാരത്തിനും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനി കള്‍ നടത്തുന്ന ചൂഷണത്തിനുമെതിരെ ഇടപെട്ടു പരിഹരിക്കുന്നതിനു പകരം പ്രവാസി മന്ത്രാലയം തന്നെ നിര്‍ത്തലാക്കിയ നടപടി പുനപരിശോധിച്ചു പിന്‍വലിക്കണമെന്നും ഇതിനെതിരേ എല്ലാ പ്രവാസി സംഘടനകളും ശബ്ദം ഉയര്‍ത്തണമെന്നും പിസിഎഫ് ജിദ്ദ അവശ്യപ്പെട്ടു.

പ്രസ്തുത വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനു നേരിട്ടും കേന്ദ്ര സംസ്ഥാന പ്രവാസിവകുപ്പുകള്‍ക്കു പരാതി അയയ്ക്കാനും കമ്മിറ്റി തീരുമാനിച്ചു. ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ റൌഫ് തലശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാസി വൈക്കം ഉദ്ഘാടനം ചെയ്തു. ദിലീപ് താമരക്കുളം, ഉമ്മര്‍ മേലാറ്റൂര്‍, അനീസ് അഴീകോട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാക്ക് മാസ്റര്‍ മമ്പുറം സ്വാഗതവും ട്രഷറര്‍ ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍