സൌദി റിയാലിന്റെ മുല്യത്തില്‍ മാറ്റമില്ല: സാമ
Monday, January 11, 2016 10:03 AM IST
ദമാം: അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ സൌദി റിയാലിന്റെ മുല്യത്തില്‍ യാതൊരു മാറ്റവുമില്ലന്ന് സൌദി മോണിറ്ററിംഗ് ഏജന്‍സിയായ സാമ.

ആഗോള തലത്തിലുണ്ടായ ക്രൂഡോയില്‍ വില തകര്‍ച്ചയെ തുടര്‍ന്ന് പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൌദിയുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാമ ഗവര്‍ണര്‍ ഡോ. ഫഹദ് അല്‍മുബാറകിന്റെ വിശദീകരണം.

ഒരു അമേരിക്കന്‍ ഡോളറിനു 3.7500 സൌദി റിയാല്‍ എന്നതാണ് റിയാലിന്റെ മൂല്യം. മതിയായ വിദേശനാണയശേഖരം ഉള്ളതു കൊണ്ട് സൌദി റിയാലിന്റെ മൂല്യത്തില്‍ ഒരു മാറ്റവുമില്ലന്ന് ഗവര്‍ണര്‍ ഡോ.ഫഹദ് വ്യക്തമാക്കി.

സൌദിയുടെ സാമ്പത്തിക നില ഭദ്രമാണെന്നും ധനവിനിയോഗത്തിലോ മറ്റോ എന്തെങ്കിലും പ്രതിസന്ധിയില്ലന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം കീറിയ നോട്ടുകള്‍ സൌദി മോണിറ്ററിഗ് ഏജന്‍സിയുടെ ശാഖകളില്‍ നിന്നും മാറ്റി എടുക്കാവുന്നതാണന്ന് സൌദി ബാങ്കിംഗ് പബ്ളിക് റിലേഷന്‍ വകുപ്പ് സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിള്‍ അറിയിച്ചു.

സൌദി റിയാല്‍ ഉപയോഗിച്ചതിന്റെ പേരില്‍ എത്ര മുഷിഞ്ഞാലും അവ സ്വീകാര്യമാണ്. ആവശ്യമെങ്കില്‍ മുഷിഞ്ഞതും കീറിയതുമായ സൌദി കറന്‍സികള്‍ മാറ്റി നല്‍കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്െടന്നും തല്‍അത് ഹാഫിള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം