ജ്യോതി തോമസ് മിസ് ന്യൂയോര്‍ക്ക് ഫൈനലില്‍
Monday, January 11, 2016 9:24 AM IST
ന്യൂയോര്‍ക്ക്: പര്‍ച്ചേസ് കോളജ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ ജനുവരി 15 മുതല്‍ 17 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മിസ് ന്യൂയോര്‍ക്ക് യുഎസ്എ മത്സരത്തിന്റെ ഫൈനലില്‍ ജ്യോതി തോമസ് മാറ്റുരയ്ക്കും.

മത്സരത്തിലെ വിജയിക്ക് മിസ് അമേരിക്ക പേജന്റില്‍ ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കാം. ഡൊണാള്‍ഡ് ട്രമ്പും എന്‍ബിസി യൂണിവേഴ്സലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സൌന്ദര്യ മത്സരമാണിത്. ലോക പ്രശസ്തമായ മിസ് യൂണിവേഴ്സ് മത്സരം നടത്തുന്നതും ഇതേ ഗ്രൂപ്പാണ്. 2013ല്‍ മിസ് ന്യൂയോര്‍ക്ക് ആയ നീനാ ദാവുലുരി മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ അഡല്‍ഫൈ യൂണിവേഴ്സിറ്റിയില്‍ സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിനിയാണ് ഇരുപത്തിനാലുകാരിയായ ജ്യോതി. പച്ചോഗിലെ സെന്റ് ജോസഫ് കോളജില്‍ നിന്ന് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പീച്ച് പതോളജിയില്‍ ബിരുദം നേടി. ഷെര്‍ളിയില്‍ സബ്സ്റിറ്റ്യൂട്ട് ടീച്ചറായും ഹോംകെയര്‍ പേഴ്സണല്‍ എയ്ഡായും ജീവധാരയില്‍ നൃത്താധ്യാപികയായും പ്രവര്‍ത്തിക്കുന്നു.

മത്സരം സംബന്ധിച്ച് ഓണ്‍ലൈനില്‍ ഒരു പരസ്യം കണ്ടപ്പോള്‍ വെറുതെ ഒരപേക്ഷയും ഫോട്ടോയും അയച്ചതാണെന്നു ജ്യോതി പറഞ്ഞു. ഇത്ര പെട്ടെന്നൊരു മറുപടി പ്രതീക്ഷിച്ചതല്ല. തുടര്‍ന്ന് ഫോണിലൂടെ അവര്‍ ഇന്റര്‍വ്യൂ നടത്തി. അതിനുശേഷം മത്സരത്തിലേക്ക് തെരഞ്ഞെടുത്തതായി അറിയിപ്പും വന്നു. പങ്കെടുക്കാന്‍ 1500 ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചു കൊടുക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ഏതാനും ബിസിനസ് ഉടമകളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി ഈ തുക സമാഹരിച്ചു. സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതിനും പിന്തുണച്ചതിനും ജ്യോതി എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ചു.

ഇന്ത്യക്കാരി ആയതു വിജയസാധ്യതയെ ബാധിക്കുമെന്നു കരുതുന്നില്ല. അത് അനുകൂലമായ ഘടകമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യന്‍ പൈതൃകവും സംസ്കാരവുമാണ് എന്റെ വ്യക്തിത്വം. ഇന്ത്യന്‍ അമേരിക്കന്‍ ആണെന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അത് എന്നെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നു. മറ്റൊരാള്‍ക്ക് എന്നെപ്പറ്റി എന്തു തോന്നുന്നു എന്നത് എന്റെ ചിന്താഗതിയെ സ്വാധീനിക്കാന്‍ അനുവദിക്കാറുമില്ല. സമൂഹത്തിന് എന്തു നന്മ ചെയ്യാനാവും എന്നതിനെപ്പറ്റിയായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക എന്നു കരുതുന്നു. ഭീതിജനകമായ കാര്യങ്ങളാണ് നമുക്കു ചുറ്റും ഉണ്ടാകുന്നത്. ലോകം അപകടകരമായ സ്ഥലമായി മാറുന്നു. അത്തരം സാഹചര്യത്തില്‍ ശാന്തിയും നന്മയും വരുത്താന്‍ എന്തു ചെയ്യാനാകുമെന്നത് സുപ്രധാന ചിന്താവിഷയമാണു താനും. മത്സരത്തില്‍ വിജയിച്ചാലും ഇല്ലെങ്കിലും പങ്കെടുക്കാന്‍ കഴിയുന്നതില്‍ തനിക്ക് അത്യധികം സന്തോഷമുണ്ട്. ഈ അനുഭവം തന്റെ ആശയഗതികള്‍ പങ്കുവയ്ക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും.

സൌന്ദര്യത്തിനപ്പുറത്തുള്ള മത്സരമാണിതെന്നു ഇപ്പോള്‍ ബോധ്യമായി. ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയാകാനുമുള്ള അവസരമാണു മത്സരം നല്‍കുന്നത്- ജ്യോതി പറഞ്ഞു.

സരസ്വതി അവാര്‍ഡ് സംഘാടകനും കലാകാരനുമായ ജോജോ തോമസിന്റേയും ജീവധാര സ്കൂള്‍ ഓഫ് ഡാന്‍സസ് ഡയറക്ടര്‍ മഞ്ജു തോമസിന്റേയും മകളാണ് ജ്യോതി. സഹോദരന്‍: ജീവന്‍.