ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഒബാമ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കില്ല
Monday, January 11, 2016 9:22 AM IST
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബറാക് ഒബാമ ഒരു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുകയില്ലെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റാഫ് ഡെന്നീസ് മെക്ഡൊണോ ജനുവരി 10നു നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണില്‍, പ്രസിഡന്റ് ഒബാമയുടെ സ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരിയെ പിന്തുണയ്ക്കുമെന്നു ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.

ഇല്ലിനോയ്സിലെ വോട്ടറായ ഒബാമ, മാര്‍ച്ചില്‍ നടക്കുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രൈമറി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുകയില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുക എന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമാകും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹില്ലരിയെ പ്രസിഡന്റ് ഒബാമ പിന്തുണയ്ക്കുമെന്ന വാദം ഇതോടെ ഇല്ലാതെയായി. പ്രസിഡന്റ് ഒബാമയുടെ പിന്തുണ പ്രതീക്ഷിച്ചു മുന്നേറിയിരുന്ന ഹില്ലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ഇതു കനത്ത തിരിച്ചടിയായി.

ജനുവരി 12നു പ്രസിഡന്റ് ഒബാമ രാഷ്ട്രത്തോടായി നടത്തുന്ന പ്രസംഗത്തില്‍ അമേരിക്കയുടെ ഭാവിയെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കുമെന്നും ചീഫ് ഓഫ് സ്റാഫ് ഡെന്നീസ് വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍