പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കണം: പനോരമ
Monday, January 11, 2016 9:16 AM IST
ദമാം: പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കി പകരം പ്രസ്തുത വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പത്തനംതിട്ട ജില്ലാ കൂട്ടായ്മയായ പനോരമ പ്രതിഷേധം അറിയിച്ചു.

കോടിക്കണക്കിനു ഇന്ത്യക്കാര്‍ വിദേശത്ത് കഴിയുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന പ്രത്യേക വകുപ്പ് നിര്‍ത്തലാക്കിയതു പ്രവാസികളോടുള്ള അവഹേളനം ആണ്. ചെലവുചുരുക്കലും കാര്യക്ഷമതയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രസ്തുത തീരുമാനം എടുത്തതിനു പകരം വകുപ്പില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്.

തീരുമാനം പിന്‍വലിച്ച് പ്രവാസികാര്യ വകുപ്പ് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ആന്റോ ആന്റണി എംപി എന്നിവര്‍ക്കു നല്‍കിയ നിവേദനത്തില്‍ പനോരമ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം