മലയാള ദിനം ആഘോഷിച്ചു
Monday, January 11, 2016 9:16 AM IST
കുവൈത്ത്: കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ വീടിനും കുടുംബത്തിനും സമൂഹത്തിനും നാടിനും ഉപകാരപ്പെടുന്ന രീതിയിലുള്ള തലമുറയ്ക്കായി മാറ്റുന്നതില്‍ പാട്യേതര പദ്ധതിക്കുള്ള പ്രാധാന്യം മനസിലാക്കിക്കൊണ്ട് ഇന്ത്യന്‍ സ്കൂള്‍ 9-10 വിഭാഗം മലയാളം ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ മലയാള ദിനം ആഘോഷിച്ചു

സമൂഹത്തെ അഭിമുഖീകരിച്ച് തങ്ങളുടെ വീക്ഷണവും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും അവതരിപ്പിക്കുവാനും കഴിയുക എന്നുള്ളതു വ്യക്തിത്വ വികസനത്തിനു മുതല്‍ക്കൂട്ടാണ്. അതിനുള്ള ഏറ്റവും നല്ല ഉപാധിയാണ്

സംവാദങ്ങള്‍. ജനധിപത്യാധിഷ്ഠിതമായ ഇന്ത്യാ രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ വളരെ പ്രസക്തമായ ഒരു വിഷയമാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തത്. കലാലയ രാഷ്ട്രീയം അനിവാര്യമാണോ അല്ലയോ എന്ന്. വിഷയത്തില്‍ അനുകൂലമായി സംവദിച്ച സിബില്‍ റഹ്മാന്‍ നേതൃത്വം നല്കിയ ഒമ്പതാം ക്ളാസും പ്രതികൂലിച്ച് സംവദിച്ച ആഷിഖ് ഹൈദര്‍ നേതൃത്വം നല്കിയ പത്താം ക്ളാസും തമ്മിലുള്ള മത്സരത്തില്‍ ഒമ്പതാം ക്ളാസ് വിജയികളായി. മന്‍സൂര്‍ മാസ്റര്‍, ഖാസിം മാസ്റര്‍, ഷഹീദ ടീച്ചര്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

സംവാദത്തില്‍ ബെസ്റ് സ്പീക്കറായി ബാസില്‍ അഹമ്മദ്, ആദില്‍ ജമീല്‍ രണ്ടാം ബെസ്റ് സ്പീക്കറായി മെഹബൂബ് അലി, ക്രിസ്റിന്‍ ബാബു മൂന്നാം ബെസ്റ് സ്പീക്കറായി സയാന്‍ സാക്കിര്‍, അമിത് അനൂപ് എന്നിവരെയും തെരഞ്ഞെടുത്തു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലൂന്നി, കലാ, സാഹിത്യം, സംസ്കാരം എന്നിവയില്‍ പരിജ്ഞാനം വിദ്യാര്‍ഥികളില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ മുഹമ്മദ് നൌഫല്‍ നേതൃത്വം നല്കിയ ഒമ്പതാം ക്ളാസിലെ നിള ടീമും ലബീബ് കരീം നേതൃത്വം നല്കിയ പത്താം ക്ളാസിലെ പമ്പ ടീമും ശക്തമായ മത്സരമാണു നടത്തിയത്. മത്സരത്തില്‍ ലബീബ് കരീം നയിച്ച പത്താം ക്ളാസ് വിജയികളായി. ക്വിസ് മല്‍സരം നയിച്ചത് സി.ടി. ഹാരിഷ് മാസ്ററായിരുന്നു.

സമകാലിക പ്രസക്തമായ രക്തദാനം മഹാദാനം, ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നത് ഇതിവൃത്തം നല്‍കിക്കൊണ്ട് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി സമീര്‍ റോഷന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞു.

ദേശീയ പതാകയുടെ മഹത്വം ഉദ്ഘോഷിക്കുന്ന മലയാള ഗാനം പരിപാടിക്കു മാറ്റുകൂട്ടി. ആധുനിക സമൂഹത്തിന്റെ 'മൂല്യച്യുതി' എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒമ്പതാം ക്ളാസില്‍ ഒന്നാം സ്ഥാനം സയാന്‍ സാക്കിര്‍ രണ്ടാം സ്ഥാനം മനു വി. തോമസ്, മൂന്നാം സ്ഥാനം മുഹമ്മദ് നൌഫല്‍, മുഹമ്മദ് ഫായിസ്, സാന്ത്വന സമ്മാനം ബാസിം ബഷീര്‍, ഐസക് ജയിംസ് എന്നിവരും കരസ്ഥമാക്കി.

'കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം അമല്‍ രാജ് രണ്ടാം സ്ഥാനം ആഷിക് ഹൈദര്‍ മൂന്നാം സ്ഥാനം ജോഷിന്‍ ജോസഫ്, മുഹമ്മദ് ഖെയിഫ്, സാന്ത്വന സമ്മാനം മാഹിര്‍ റഹ്മാന്‍, മിന്‍ഹാജ് എന്നിവരും കരസ്ഥമാക്കി.

മലയാള ദിനാഘോഷം വൈസ് പ്രിന്‍സിപ്പല്‍ ഡോ. നജീബ് ഖൈസ് ഉദ്ഘാടനം ചെയ്തു. വിജയികളുടെ ഫലപ്രഖ്യാപനം പ്രിന്‍സിപ്പല്‍ മസൂദ് അഹമ്മദ് നിര്‍വഹിച്ചു. സമ്മാന ദാനം ഹെഡ് മാസ്റര്‍ നൌഫല്‍, ഹരി മാസ്റര്‍, അലവി മാസ്റര്‍ എന്നിവര്‍ വിതരണം ചെയ്തു. മലയാളം അധ്യാപിക ലൈല സാകിറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍