സൌദിയിലെ ഗവണ്‍മെന്റ് മേഖലയില്‍ അറബ് രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്കു മുന്‍ഗണന
Monday, January 11, 2016 9:12 AM IST
ദമാം: അറബ് രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്കു സൌദി മുന്‍ഗണന നല്‍കുന്നത് മലയാളികളായ നഴ്സുമാര്‍ക്കുള്ള സാധ്യതക്കു മങ്ങലേല്പിക്കും.

സൌദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ അറബ് രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്കു മുന്‍ഗണന നല്‍കുന്നു.

പതിവിനു വിപരീതമായി ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്കു പകരം ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നപടികള്‍ക്കു സൌദി ആരോഗ്യ മന്ത്രാലയം നടപടികളാരംഭിച്ചു.

ഇന്ത്യ, ഫിലിപ്പീന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്കാണു നേരത്തെ സൌദി അറേബ്യ മുന്‍ഗണന നല്‍കിയിരുന്നത്. സൌദി ഗവണ്‍മെന്റ് ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം, മാനസികരോഗ്യ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്കു ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് ജനുവരി 15 മുതല്‍ ആരംഭിക്കും. ഇതിനായി പ്രത്യേക സമിതിയെ ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തി.

സൌദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരില്‍ ബഹുഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കു പകരം അറബ് രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്ക് സൌദി മുന്‍ഗണന നല്‍കുന്നത് മലയാളികളായ നഴ്സുമാര്‍ക്കുള്ള സാധ്യതയ്ക്കു മംഗലേല്‍പിക്കും. നൂറുകണക്കിനു നഴ്സുമാരാണു സൌദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കു കേരളത്തില്‍നിന്നു ജോലിക്കായി കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം