പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കിയ നടപടി പ്രവാസി ദ്രോഹം: നവയുഗം
Monday, January 11, 2016 7:42 AM IST
ദമാം: ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രവാസികളെ ആശങ്കയിലാക്കിക്കൊണ്ട്, നരേന്ദ്രമോഡി സര്‍ക്കാര്‍ കൈക്കൊണ്ട പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യവും, അഭ്യര്‍ത്ഥനയും മാനിച്ചുകൊണ്ട്, പ്രവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ ഇടപെടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച പ്രവാസികാര്യവകുപ്പ് ഇല്ലാതാക്കാന്‍ തീരുമാനിച്ചതിലൂടെ, പ്രവാസികളോടുള്ള പരസ്യമായ അവഗണനയാണ് മോദി സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.

വര്‍ഷത്തിലെ മുക്കാല്‍പങ്കും ഒരു പ്രവാസിയെപ്പോലെ ലോകം മുഴുവന്‍ കറങ്ങി നടന്നു പ്രവാസികളോട് സംവദിക്കാറുണ്ട് എന്നവകാശപ്പെടുന്ന പ്രധാനമന്ത്രി, പ്രവാസികളുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍വേണ്ടി ഉണ്ടാക്കിയ ഒരു വകുപ്പിനെ തന്നെ ഇല്ലാതാക്കുമ്പോള്‍, പ്രവാസികളുടെ ക്ഷേമം അല്ല തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം എന്നു വ്യക്തമാക്കുകയാണ് ചെയ്യുന്നത്. പ്രവാസിവകുപ്പ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കുന്നതോടെ, സര്‍ക്കാരിനു പ്രവാസിവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്നതാണു പ്രായോഗികമായ യാഥാര്‍ഥ്യം.

നിതാഖാത് പോലുള്ള സ്വദേശിവത്കരണ പരിപാടികള്‍ ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ, വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന നൂറുകണക്കിനു വിഷയങ്ങളിലെ നൂലാമാലകളില്‍ ഒന്നു മാത്രമായി പ്രവാസികാര്യം മാറുമ്പോള്‍, നഷ്ടമാകാന്‍ പോകുന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് സമയബന്ധിതമായി ലഭിയ്ക്കേണ്ട നീതിയും, സഹായങ്ങളുമാണ്. മാത്രമല്ല ഈ തീരുമാനം നടപ്പായാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവാസി മന്ത്രാലയം പോലുമില്ലാതാകുന്ന സ്ഥിതി സംജാതമായി കാര്യങ്ങള്‍ അങ്ങേയറ്റം ഗുരുതരമാകുമെന്നും നവയുഗം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രവാസിദ്രോഹ നടപടിയ്ക്ക് എതിരെ പ്രവാസസമൂഹം ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചുകൊണ്ട്, തീരുമാനം പിന്‍വലിയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയലും, സെക്രട്ടറി കെ.ആര്‍. അജിത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം