ക്രിസ്മസ്, ആഘോഷങ്ങളേക്കാളുപരി അനുഭവമാക്കി മാറ്റണം: മാര്‍ ജോയി ആലപ്പാട്ട്
Monday, January 11, 2016 7:42 AM IST
ന്യൂജേഴ്സി: മനുഷ്യകുലത്തിന്റെ വേദനകളെ മാറ്റിയെടുക്കാന്‍ ദൈവം മനുഷ്യനായി അവതരിച്ച ക്രിസ്മസ് വേളയെ, ആഘോഷങ്ങളേക്കാളും അനുസ്മരണയേക്കാളുമുപരി വ്യക്തിജീവിതത്തില്‍ ഒരു അനുഭവമാക്കി മാറ്റാന്‍ ഓരോ ക്രെെസ്തവനും സാധിക്കണമെന്നു സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഓര്‍മിപ്പിച്ചു. ന്യൂജേഴ്സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഇടവകകളുടെ സഹകരണത്തോടെ നടത്തപ്പെട്ട ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ വേറിട്ട അനുഭവമായി മാറി.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നു അഭിവന്ദ്യ തിരുമേനിയെയും, ശ്രേഷ്ഠ വൈദികരേയും, മറ്റു വിശിഷ്ടാതിഥികളേയും വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികള്‍ക്കു തുടക്കമായി. റവ. ജേക്കബ് ഡേവിഡ് തിരുമേനിയെ സദസിന് പരിചയപ്പെടുത്തി. ഇസിഎഫ്എന്‍ജി പ്രസിഡന്റ് റവ. സണ്ണി ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. വെസ്റ് ഓറഞ്ച് ടൌണ്‍ഷിപ്പ് മേയര്‍ റോബര്‍ട്ട് പരീസി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇ.സി.എഫ്.എന്‍.ജിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ മാര്‍ ജോയി ആലപ്പാട്ട് തിരുമേനി ക്രിസ്മസ് ദൂത് നല്‍കി. യുവതലമുറയുടെ പ്രാതിനിധ്യം എക്യൂമെനിക്കല്‍ പ്രോഗ്രാമിനു കൂടിവരുന്നതില്‍ അഭിവന്ദ്യ തിരുമേനി സന്തുഷ്ടി പ്രകടിപ്പിക്കുകയും, എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. വിവിധ ഇടവകകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍പ്പെട്ട എക്യൂമെനിക്കല്‍ ക്വയര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സോഫി വില്‍സണ്‍, അജിത് ഏബ്രഹാം, ഷൈജ ജോര്‍ജ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ആല്‍വിന്‍ ജോര്‍ജ്, ശില്‍പാ ഫ്രാന്‍സീസ് എന്നിവര്‍ എം.സിമാരായിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ യുഎസ്എ കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍ പീറ്റര്‍ കോച്ചേരി, ഫാ. ഷിബു ഡാനിയേല്‍, ഫാ. വിജയ് തോമസ്, ഫാ. ആകാശ് പോള്‍, ഫാ. സാമുവേല്‍ നൈനാന്‍, ഫാ. തോമസ് കടുകപ്പിള്ളി, ഫാ. ബാബു മാത്യു, ഫാ. ജേക്കബ് ഫിലിപ്പ് ഫാ. സി.സി. മാത്യൂസ് തുടങ്ങിയ വൈദികര്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു.

സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പാറ്റേഴ്സണ്‍, സെന്റ് സ്റീഫന്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡില്‍ലാന്റ് പാര്‍ക്ക്, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് സോമര്‍സെറ്റ്, സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കാര്‍ട്ടറൈറ്റ്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ലിന്‍ഡന്‍, എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഫ് സെന്റ് പോള്‍ & റിസറക്ഷന്‍ വുഡ് റിഡ്ജ്, സെന്റ് തോമസ് മലങ്കര കാത്തലിക് ചര്‍ച്ച് റാവേ, സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോസ് ചര്‍ച്ച് നോര്‍ത്ത് പ്ളെയിന്‍ഫീല്‍ഡ്, സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വാന്‍ക്യൂ, ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് എലിസബത്ത്, ക്രൈസ്റ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഫ് ടീനെക് തുടങ്ങിയ ദേവാലയങ്ങളില്‍നിന്നു വിവിധ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍