മഞ്ഞിനിക്കര ബാവായുടെ പെരുന്നാള്‍: ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു
Monday, January 11, 2016 7:39 AM IST
ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പെരുന്നാള്‍ ഷിക്കാഗോയില്‍ യാക്കോബായ സുറിയാനി ഇടവകകള്‍ സംയുക്തമായി ആഘോഷിക്കാന്‍ തുടങ്ങിയിട്ടു പത്തുവര്‍ഷം തികയുന്നു. പെരുന്നാളിന്റെ ആരംഭമെന്ന നിലയില്‍ ജനുവരി 31-നു കൊടിയേറ്റത്തിനുവേണ്ടി, കഴിഞ്ഞവര്‍ഷം പെരുന്നാള്‍ നടത്തിയ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ഇടവകയില്‍ നിന്നും, ഈവര്‍ഷം പെരുന്നാള്‍ നടത്തുന്ന സെന്റ് മേരീസ് ഇടവകയ്ക്ക് ശ്രേഷ്ഠ വൈദീകരുടേയും, പെരുന്നാള്‍ കൌണ്‍സില്‍ അംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഡിസംബര്‍ 27-നു പാത്രിയര്‍ക്കാ പതാക കൈമാറി.

ഫെബ്രുവരി 6, 7 തീയതികളില്‍ സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വച്ചു നടത്തുന്ന 84-മതു പെരുന്നാളിനു കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് സുറിയാനി പള്ളി വികാരി വന്ദ്യ സക്കറിയാ കോര്‍എപ്പിസ്കോപ്പ തേലപ്പിള്ളില്‍, സെന്റ് ജോര്‍ജ് സുറിയാനി പള്ളി വികാരി ഫാ. ലിജു പോള്‍, സെന്റ് മേരീസ് സുറിയാനി പള്ളി വികാരി ഫാ. മാത്യു കരുത്തലയ്ക്കല്‍, ഫാ. തോമസ് നെടിയവിള, സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളി വികാരി റവ.ഫാ. തോമസ് മേപ്പുറത്ത് എന്നീ വൈദിക ശ്രേഷ്ഠരുടെ സഹകാര്‍മികത്വത്തിലും, ഓരോ പള്ളികളുടെയും ഭരണസമിതിയുടെ നേതൃത്വത്തിലും പെരുന്നാളിനു വേണ്ടതായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

ഫെബ്രുവരി എട്ടാം തീയതി സെന്റ് പീറ്റേഴ്സ് സുറിയാനി പള്ളിയില്‍ വച്ചു വലിയ നോമ്പിന്റെ പ്രാരംഭ ശുശ്രൂഷയായ 'ശുബ്ക്കോനോ' സംയുക്തമായി നടത്തുന്നതിനും സമിതി തീരുമാനിച്ചു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം