ഫാമിലി വീസയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: ഹില്ലരി
Saturday, January 9, 2016 10:44 AM IST
കലിഫോര്‍ണിയ: അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ക്ക് അവരുടെ സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള വീസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് സാന്‍ ഗബ്രിയേല്‍ മാലിയില്‍ സംഘടിപ്പിച്ച ഏഷ്യന്‍-അമേരിക്കന്‍ പസഫിക് ഐലന്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഹില്ലരി ക്ളിന്റണ്‍ ഉറപ്പു നല്‍കി.

ഫിലിപ്പീന്‍സില്‍ നിന്നും സഹോദരങ്ങളെ കൊണ്ടു വരുന്നതിന് 23വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് ഇപ്പോള്‍ വീസാ ലഭിക്കുന്നതിനുള്ള സമയപരിധി.

അമേരിക്കയില്‍ ആവശ്യമായ യാത്രാ രേഖകളില്ലാതെ കുടിയേറിയവര്‍ക്ക് നിയമാനുസൃത പൌരത്വം നല്‍കുന്നതിനുള്ള ഒബാമയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഹില്ലരി കൂട്ടിച്ചേര്‍ത്തു. ഹില്ലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ഫണ്ടു രൂപീകരണവുമായി ബന്ധപ്പെട്ടു ജനുവരി ആറിന് ബാള്‍റൂമില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഏഷ്യന്‍ പസഫിക് വംശജരുടെ പിന്തുണ ഹില്ലരി അഭ്യര്‍ഥിച്ചു

2012 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാല് മില്യന്‍ ഏഷ്യന്‍ വംശജരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2008 ല്‍ വോട്ട് ചെയ്തവരുടെ എണ്ണത്തേക്കാള്‍ 5, 47,000 കൂടുതലാണ് 2012 ല്‍ വോട്ട് ചെയ്തവരെന്ന് ഹില്ലരി പറഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ഏഷ്യന്‍ വംശജരില്‍ നിന്നും ലഭിച്ച പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് ഹില്ലരി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍