ജനങ്ങള്‍ യുഡിഎഫിന്റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നു: മഞ്ഞളാംകുഴി അലി
Saturday, January 9, 2016 7:13 AM IST
ജിദ്ദ: വികസന കാര്യത്തില്‍ ബഹുദൂരം മുന്നോട്ടുപോയ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് നഗര വികസന, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് കേരള യാത്ര വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നടത്തിയ വികസനങ്ങള്‍ മാത്രം മതി, ഭരണ തുടര്‍ച്ച സാധ്യമാകാനെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങള്‍ ക്ഷണികവും കഴമ്പില്ലാത്തതുമാണ്. അതിന്റെ രാഷ്ട്രീയമൊക്കെ ജനങ്ങള്‍ക്കറിയാം. മെട്രോ റെയില്‍, വിഴിഞ്ഞം പദ്ധതി, റോഡുകള്‍ തുടങ്ങി ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങളെ നേരിട്ട് സഹായിക്കു സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും വൈകാതെ ജംബോ വിമാനങ്ങള്‍ പറക്കുമെന്നും അതിനുള്ള പോരാട്ടങ്ങള്‍ക്ക് മുന്‍നിരയില്‍തന്നെ ലീഗ് ഉണ്െടന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ന്യൂനപക്ഷ ജനവിഭാഗങ്ങളെ സഹായിക്കുന്ന നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. തനിക്ക് നഗര വികസന കാര്യങ്ങളില്‍ പ്രചോദനമായത് ഒരു മുന്‍ പ്രവാസി എന്ന നിലയിലുള്ള ഗള്‍ഫ് പരിചയമാണെന്നും അദ്ദേഹം പറഞ്ഞു.

പി.എം.എ ജലീല്‍ അധ്യക്ഷത വഹിച്ചു. ശാഫി ചാലിയം പ്രമേയ പ്രഭാഷണം നടത്തി. കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പ്രസംഗിച്ചു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ രായിന്‍കുട്ടി നീറാട്, കെ.വി.എ ഗഫൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അന്‍വര്‍ ചേരങ്കൈ, നിസാം മമ്പാട്, എസ്.എ.പി മുഹമ്മദ് കുഞ്ഞി, റസാഖ് അണക്കായി, സി.കെ. ഷാക്കിര്‍, ഇസ്മായില്‍ മുക്കുളം, ശുഐബ് പനങ്ങാങ്ങര (റിയാദ്), കെ.വി.എ സലാം എന്നിവര്‍ സംബന്ധിച്ചു. അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍