സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ ആദരാജ്ഞലികള്‍
Saturday, January 9, 2016 7:11 AM IST
ഹൂസ്റണ്‍: കാലം ചെയ്ത മാര്‍ത്തോമ സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ അഗാധ ദുഖം രേഖപ്പെടുത്തുകയും ആദരസൂചകമായി ടെലികോണ്‍ഫറന്‍സില്‍ കൂടി പ്രത്യേക അനുസ്മരണവും പ്രാര്‍ഥനയും നടത്തി.

ആഗോള തലത്തില്‍ സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനയും വചന കേഴ് വിക്കുമായി ഹൂസ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെലി കോണ്‍ഫറന്‍സ് വേദിയില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ (ഐപിഎല്‍) ഡിസംബര്‍ 29ന് വൈകുന്നേരം നടന്ന പ്രത്യേക അനുസ്മരണ ടെലികോണ്‍ഫറന്‍സില്‍ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.

ഐപിഎല്ലിന്റെ ആരംഭം മുതല്‍ പ്രസ്ഥാനത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നിരുന്ന സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം മാര്‍ത്തോമ സഭയ്ക്ക് മാത്രമല്ല ഭാരതത്തിലും പുറത്തുമുള്ള ക്രൈസ്തവ സഭയ്ക്ക് ആകമാനം വലിയ നഷ്ടമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വേനിക്കുന്ന, പാവപ്പെട്ട ജനങ്ങളോടുള്ള സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ കരുതലും സ്നേഹവും പലരും അനുഭവങ്ങളില്‍ കൂടി പങ്കുവച്ചു. മെത്രാപ്പോലീത്ത രൂപം കൊടുത്ത് തുടക്കം കുറിച്ച വിവിധ പദ്ധതികള്‍ ഭാരതജനതയാകെ ശ്രദ്ധിച്ചിരുന്നു. പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ എല്ലാവിധ പിന്തുണയും അറിയിച്ചു.

തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്ന മെത്രാപ്പോലീത്തായുമായി അടുത്തിടപെട്ട ധന്യമുഹൂര്‍ത്തങ്ങള്‍ പലരും പങ്കുവച്ചു. ഫീലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തായുടെ നവതി ആഘോഷത്തോടനുബന്ധിച്ച് രൂപം കൊടുത്ത ഭവനദാന പദ്ധതിയിലേക്ക് ആറു കോടിയില്‍പരം രൂപ അമേരിക്കയില്‍ നിന്നും സമാഹരിക്കുവാന്‍ കഴിഞ്ഞത് സഫ്രഗന്‍ മെത്രാപ്പോലിത്തായുടെ വ്യക്തിബന്ധങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ്.

ടി.എ. മാത്യു (ഹൂസ്റണ്‍), സി.വി. ശാമുവല്‍ (ഡിട്രോയിറ്റ്), അലക്സ് തോമസ് (ടെന്നസി), റവ. കെ.ബി. കുരുവിള (ഹൂസ്റണ്‍), റവ. നൈനാന്‍ സഖറിയ (ന്യൂയോര്‍ക്ക്), ജോണ്‍ പി. മാത്യു (അമ്പോറ്റി, ഹൂസ്റണ്‍), ഫിലിപ്പ് മാനുവല്‍ (ബോസ്റണ്‍), കുഞ്ഞമ്മ ജോര്‍ജ് (ഹൂസ്റണ്‍), എം.സി. അലക്സാണ്ടര്‍ (ന്യൂജേഴ്സി), മറിയാമ്മ ഏബ്രഹാം (ലളിത, ന്യൂയോര്‍ക്ക്) തുടങ്ങിയവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കവച്ചു.

ഷിജു ജോര്‍ജ്, സി.വി. ശാമുവല്‍ എന്നിവര്‍ ധ്യാന പ്രസംഗങ്ങള്‍ നടത്തി. റവ. പി. ചാക്കോയുടെ പ്രാര്‍ഥനയോടെ അനുസ്മരണ ടെലികോണ്‍ഫറന്‍സ് സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി