ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ ചാവറഅച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
Saturday, January 9, 2016 5:03 AM IST
ഷിക്കാഗോ: പതിനെട്ടാം നൂറ്റാണ്ടില്‍ സഭയിലും സമൂഹത്തിലും ദീര്‍ഘവീക്ഷണത്തോടൂകൂടി, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട നന്മനിറഞ്ഞ നവോത്ഥാന നായകനും, സി.എം.ഐ, സി.എം.സി സഭാ സ്ഥാപകനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ജനുവരി 3-ന് രാവിലെ 11 മണിയുടെ വിശുദ്ധ കുര്‍ബാനയില്‍ ആഘോഷിച്ചു.

കത്തീഡ്രല്‍ സഹ വികാരി ഫാ. സെബി ചിറ്റിലപ്പള്ളി തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ജോസഫ് അറയ്ക്കന്‍ വി.സി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. സെബി ചിറ്റിലപ്പള്ളി തന്റെ വചനസന്ദേശത്തില്‍ വി. ചാവറയച്ചന്‍ സഭയ്ക്കുവേണ്ടി ജീവിതത്തെ മുഴുവന്‍ സമര്‍പ്പിച്ച കര്‍മ്മയോഗിയായ ഒരു പുണ്യാത്മാവും വന്ദ്യവൈദീകനും ആയിരുന്നു എന്നു വിശേഷിപ്പിച്ചു.

തിരുനാളിനോടനുബന്ധിച്ചുള്ള എല്ലാ ആത്മീയ ശുശ്രൂഷകള്‍ക്കും വികാരി ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും, സഹ വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയും നേതൃത്വം നല്‍കി. ജോസ് കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ജോമി എന്നിവരുടെ നേതൃത്വത്തിലുള്ള അടുക്കും ചിട്ടയുമുള്ള ലിറ്ററര്‍ജി ക്രമീകരണങ്ങളും, കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ഗാനങ്ങളും തിരുനാള്‍ ഭക്തിസാന്ദ്രമായി. തിരുനാള്‍ ആഘോഷങ്ങളെ കൂടുതല്‍ മോടിയാക്കുന്നതിനു കൈക്കാരന്മാരായ പോള്‍ പുളിക്കന്‍, മനീഷ് ജോസഫ്, ഷാബു മാത്യു, ആന്റണി ഫ്രാന്‍സീസ് എന്നിവര്‍ നേതൃത്വം നല്‍കി. കത്തീഡ്രല്‍ ഇടവകയിലെ ഏതാനും കുടുംബങ്ങളാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം