ഇന്ത്യ പ്രസ്ക്ളബ് ന്യൂയോര്‍ക്ക്: ഡോ: കൃഷ്ണ കിഷോര്‍ പ്രസിഡന്റ്, സണ്ണി പൌലോസ് സെക്രട്ടറി
Friday, January 8, 2016 8:40 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ബ്യൂറോ ചീഫും ആയ ഡോ. കൃഷ്ണ കിഷോറും സെക്രട്ടറിയായി സണ്ണി പൌലോസും (ജനനി) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പ്രിന്‍സ് മാര്‍ക്കോസും തുടരും.

ന്യൂയോര്‍ക്കിലെ സിത്താര്‍ റസ്ററന്റില്‍ നടന്ന വാര്‍ഷിക യോഗത്തിലായിരുന്നു പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി മേഖലയിലെ ഇന്ത്യന്‍ സംഘടനകളുമായി സഹകരിച്ചു മികച്ച പരിപാടികള്‍ ആവിഷ്കരിക്കുമെന്നു പുതിയ ഭാരവാഹികള്‍ പറഞ്ഞു. അതോടൊപ്പം മാധ്യമ രംഗത്തെ നവാഗതര്‍ക്കായി പരിശീലന ക്ളാസുകളും സംഘടിപ്പിക്കും. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും സജീവമായ ചാപ്റ്റരുകളില്‍ ഒന്നാണു ന്യൂയോര്‍ക്ക്.

ഷിക്കാഗോ ആതിഥ്യമരുളിയ നാഷണല്‍ കണ്‍വന്‍ഷന്‍ വിജയകരമാക്കിയ നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യുവിനെയും മറ്റു കമ്മിറ്റി അംഗങ്ങളെയും സ്ഥാനമൊഴിഞ്ഞ ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയ് പ്രശംസിച്ചു.

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളും അംഗങ്ങളുമായ ജോര്‍ജ് ജോസഫ്, റെജി ജോര്‍ജ്, ടാജ് മാത്യു, മധു കൊട്ടാരക്കര, ജോര്‍ജ് തുമ്പയില്‍, ജോസ് കാടാപുറം, സുനില്‍ ട്രൈസ്റാര്‍, ജേക്കബ് റോയ്, സണ്ണി പൌലോസ്, രാജു പള്ളത്ത്, ജെ. മാത്യൂസ്, പ്രിന്‍സ് മാര്‍ക്കോസ് ഷിജോ പൌലോസ് എന്നിവര്‍ പുതിയ ഭരണസമിതിക്കു ഭാവുകങ്ങള്‍ നേര്‍ന്നു.