ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിക്ക് അബുദാബിയില്‍ പുതിയ ഓഫീസ്
Friday, January 8, 2016 8:39 AM IST
അബുദാബി: ഇന്ത്യ സര്‍ക്കാരിന്റെ പരിപൂര്‍ണ ഉടമസ്ഥതയിലുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ അബുദാബിയിലെ ഓഫീസ് റീം ഐലന്‍ഡിലെ വിശാലമായ കെട്ടിട സമുച്ചയത്തിലേക്കു മാറ്റി സ്ഥാപിച്ചു.

പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനകര്‍മം കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജി. ശ്രീനിവാസന്‍ നിര്‍വഹിച്ചു. അബുദാബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.കെ. സുനില്‍കുമാര്‍, അബുദാബി മാനേജര്‍ സാറാമ്മ ജയ്ബോയ് എന്നിവര്‍ സംബന്ധിച്ചു.

1920ല്‍ ആരംഭിച്ച കമ്പനി ഇപ്പോള്‍ 28 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി ജി. ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലും കാനഡയിലും ഉടന്‍ ഓഫീസുകള്‍ തുറക്കും. ആഗോള വ്യാപകമായി 2.7 ബില്യന്‍ ഡോളര്‍ പ്രീമിയം സമാഹരിക്കുന്ന കമ്പനിയായി ന്യൂ ഇന്ത്യ അഷ്വറന്‍സ് മാറിയിരിക്കുന്നു. 500 മില്ല്യന്‍ ഡോളറിന്റെ വ്യാപാരമാണു ജിസിസി രാജ്യങ്ങളില്‍ നടത്തുന്നത്. യുഎഇയില്‍ മാത്രം 280 മില്യന്‍ ഡോളറിന്റെ വ്യാപാരമാണു നടത്തുന്നത്. ദുബായി ഇന്‍വെസ്റ്മെന്റ് പാര്‍ക്കില്‍ കമ്പനിയുടെ റിലേഷന്‍സ്ഷിപ്പ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കു കാലതാമസം കൂടാതെ നടപടികള്‍ ഉണ്ടാകുമെന്നു ചെയര്‍മാന്‍ അറിയിച്ചു. അലൈനിലും പുതിയ ഓഫീസ് തുറക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഓണ്‍ലൈനില്‍ വാഹന ഇന്‍ഷ്വറന്‍സ് പുതുക്കാനുള്ള സൌകര്യം യുഎഇയില്‍ ഉടന്‍ നിലവില്‍ വരും.

1973 ലാണു ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള