അഖിലേന്ത്യാ സിബിഎസ്ഇ അത്ലറ്റിക്ക് മീറ്റ്: മലയാളി പെണ്‍കുട്ടികള്‍ താരങ്ങളായി
Friday, January 8, 2016 8:38 AM IST
അബുദാബി: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ഇരുപതാമത് അഖിലേന്ത്യാ സിബിഎസ്ഇ അത്ലറ്റിക്ക് മീറ്റില്‍ 4 ഃ 100 റിലേ മത്സരത്തില്‍ അഞ്ച് മലയാളി പെണ്‍കുട്ടികള്‍ അടങ്ങുന്ന അബുദാബി ഇന്ത്യന്‍ സ്കൂള്‍ ടീം വിജയികളായി. ഫൈനലില്‍ റിക്കാര്‍ഡ് നേട്ടത്തോടെയാണ് അബുദാബി പെണ്‍കുട്ടികള്‍ സ്വര്‍ണം കൊയ്തത്.

കൊല്ലം അഞ്ചല്‍ സ്വദേശി മാത്യൂസ് പി. ജോണ്‍ -ആഷ ദമ്പതികളുടെ മകള്‍ അലെയ്ക റിയ മാത്യൂസ്, റാന്നി സ്വദേശി ഫിലിപ്പ് - മിനി ദമ്പതികളുടെ മകള്‍ ധന്യ മരിയ ഫിലിപ്പ്, പത്തനംതിട്ട സ്വദേശി നജീബ് കരീം-ഷിറാസ് ദമ്പതികളുടെ മകള്‍ അഫ്രീന്‍ നജീബ്, കണ്ണൂര്‍ സ്വദേശി ശ്രീലക്ഷ്മണന്‍-ഷീജ ദമ്പതികളുടെ മകള്‍ ചൈതന്യ, കുന്നംകുളം സ്വദേശി അബ്ദുല്‍ ലത്തീഫ് -ഷൈല ദമ്പതികളുടെ മകള്‍ ഐഷ ഹാനാ എന്നീ പെണ്‍കുട്ടികളാണ് അഭിമാന നേട്ടത്തിന് അര്‍ഹരായത്.

മലയാളിയായ സഞ്ചു ഷാജി ജോര്‍ജ് ആയിരുന്നു ടീമിന്റെ പരിശീലകന്‍. കായിക താരങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ ഉജ്വല വരവേല്‍പ്പു നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള