ഫീനിക്സ് ഹോളിഫാമിലി ദേവാലയത്തില്‍ പിണ്ടി കുത്തി തിരുനാള്‍ ആചരിച്ചു
Friday, January 8, 2016 8:37 AM IST
ഫീനിക്സ്: കേരളത്തിലെ നസ്രാണി ക്രൈസ്തവരുടെ പരമ്പരാഗത ഭക്താനുഷ്ഠാനമായ 'പിണ്ടി കുത്തി' തിരുനാള്‍ ഫീനിക്സ് തിരുകുടുംബ ദേവാലയത്തില്‍ ഈവര്‍ഷവും ഏറെ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.

ഈശോ മിശിഹാ സ്നാപഹ യോഹന്നാനില്‍നിന്ന് അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിനോടനുബന്ധിച്ചാണു പരമ്പരാഗതമായി കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഈ തിരുനാള്‍ ആഘോഷിക്കുക. ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളി എന്നും അറിയപ്പെടുന്നു.

കുത്തിനിര്‍ത്തിയ വാഴപ്പിണ്ടിയില്‍ ദീപം തെളിയിച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമിട്ടു. ദീപങ്ങളുടെ തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമാണു പിണ്ടികുത്തി തിരുനാളെന്നു വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വം വഹിച്ചു. ട്രസ്റിമാരായ ജയ്സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ്, മനോജ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം