ദുബായി കെഎംസിസി സ്നേഹസ്പര്‍ശം മുഖ്യമന്ത്രി ഏറ്റുവാങ്ങി
Thursday, January 7, 2016 10:11 AM IST
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള പുനരധിവാസകേന്ദ്രങ്ങളുടെ പശ്ചാത്തല സൌകര്യവികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനുമായി ദുബായി കെഎംസിസിയുടെ സ്നേഹസ്പര്‍ശം പദ്ധതി കോഴിക്കോട് സ്വപ്ന നഗരിയില്‍ നടന്ന സാമൂഹ്യ നീതി ദിനാഘോഷം പരിപാടിയില്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.

സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള 72 പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് 14 കേന്ദ്രങ്ങളെ മാതൃക സെന്ററുകളാക്കിമാറ്റുന്നതിനുവേണ്ടി ദുബായി കെഎംസിസി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന 70 ലക്ഷം രൂപയുടെ പദ്ധതിയുടെ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നത് സൌദി അറേബ്യയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന അല്‍-അബീര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് കെഎംസിസി പദ്ധതി നടപ്പാക്കുന്നത്.

സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ഒരു സന്നദ്ധസംഘടന ഇത്തരമൊരു സേവനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത് ആദ്യമായാണ്. സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് ഉറവ് കുടിവെള്ള പദ്ധതിയും കെഎംസിസി നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലാണ് ഇതുവഴി വാട്ടര്‍ ഡിസ്പന്‍സറുകള്‍ സ്ഥാപിക്കപ്പെട്ടത്. കേരളത്തിലെ വിവിധ ജില്ലകളിലായി വികലാംഗ സദനങ്ങള്‍, പ്രതീക്ഷ ഭവനുകള്‍, വൃദ്ധ സദനങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിഗണന കേന്ദ്രങ്ങള്‍ എന്നിങ്ങനെ പതിനാലു കേന്ദ്രങ്ങളിലാണ് ദുബായി കെഎംസിസി സ്നേഹസ്പര്‍ശം പദ്ധതിയുടെ കനിവിന്റെ തണല്‍ ഒരുങ്ങുന്നത്.

പഞ്ചായത്ത് സാമൂഹ്യ നീതി മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ പദ്ധതി വിശദീകരിച്ചു. എം.കെ. രാഘവന്‍ എംപി, എംഎല്‍എ മാരായ സി.മോയീന്‍കുട്ടി, വി.എം. ഉമ്മര്‍ മാസ്റര്‍, പി.ടി.എ. റഹിം, എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലൂണ്ടി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസ്, എം.സി. മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടകശാല, കെഎംസിസി നേതാക്കളായ ഒ.കെ. ഇബ്രാഹിം, അനീസ് ആദം, മുസ്തഫ തിരൂര്‍, അല്‍-അബീര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ജംഷി, എന്‍.സി. അബൂബക്കര്‍, ഖമറുന്നിസ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍